മിഴിതുറന്ന് ജയിലിലെ സിസിടിവി ക്യാമറകൾ; ആറ് പുതിയ പദ്ധതികൾ

കോഴിക്കോട് ജില്ലാ ജയിലിലെ സി.സി.ടി.വി ക്യാമറകള്‍ പൂര്‍ണമായും പ്രവര്‍ത്തിച്ച് തുടങ്ങി. അന്തേവാസികളുടെ ക്ഷേമം കണക്കിലെടുത്തുള്ള ആറ് പുതിയ പദ്ധതികള്‍ക്കും തുടക്കമായി. ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് ഉദ്ഘാടനം ചെയ്തു. 

നാല്‍പത് സി.സി.ടി.വി ക്യാമറകളാണ് പൂര്‍ണമായും പ്രവര്‍ത്തിച്ച് തുടങ്ങിയത്. നേരത്തെ സ്ഥാപിച്ച ക്യാമറകളില്‍ ചിലത് പണിമുടക്കിയതിനെത്തുടര്‍ന്ന് സുരക്ഷ വിലയിരുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രയാസം നേരിട്ടിരുന്നു. പുതിയ ക്യാമറകള്‍ ഇതിന് പരിഹാരമാകും. എം.ക.മുനീര്‍ എം.എല്‍.എ അനുവദിച്ച ആംബുലന്‍സ് ഡി.ജി.പി ഫ്ളാഗ് ഓഫ് ചെയ്തു. മല്‍സ്യ വളര്‍ത്തല്‍, അന്‍‍പത് പ്ലാവിന്‍ തൈ നടീല്‍ തുടങ്ങി ആറ് പദ്ധതികള്‍ക്കാണ് തുടക്കമായത്.  

അന്തേവാസികള്‍ക്കായി സംഘടിപ്പിച്ച വിവിധ തൊഴില്‍ പരിശീലന പദ്ധതി പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കേറ്റ് ചടങ്ങില്‍ വിതരണം ചെയ്തു. ജെ.സി.ഐ കാലിക്കറ്റ് സിറ്റി സാമൂഹിക നീതി വകുപ്പിന്റെ സഹകരണത്തോടെ ജയില്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ കൈമാറി. ജയില്‍ ഡി.ഐ.ജി എം.ക.വിനോദ് കുമാര്‍, സൂപ്രണ്ട് കെ.വി.ജഗദീശന്‍, ലയണ്‍സ് ക്ലബ്ബ് അംഗം നാരായണന്‍, സ്വീറ്റി രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.