മൂന്നരപവന്‍ സ്വര്‍ണവുമായി ഇറങ്ങിയോടി; പിന്നാലെ കുതിപ്പ്; വീഴ്ച: വിഡിയോ

കോഴിക്കോട് പന്തീരാങ്കാവിലെ സ്വർണക്കടയിലെത്തിയ യുവാക്കൾ  സ്വർണമാലകളുമായി കടന്നുകളഞ്ഞു. രണ്ടുപവനും ഒന്നര പവനും തൂക്കം വരുന്ന രണ്ടു മാലകളാണ് നഷ്ടമായത്.  ജീവനക്കാരൻ ഉച്ചഭക്ഷണം കഴിക്കാൻ പോയ സമയത്ത് കടയുടമ മാത്രം ഉള്ളപ്പോഴാണ് മാല വാങ്ങാനെന്ന വ്യാജേനെ യുവാവ് കടയിലെത്തിയത്. ഒപ്പമുണ്ടായിരുന്ന യുവാവ് ബൈക്കുമായി പുറത്ത് കാത്തു നിന്നു. കടയുടമ മാല കൈമാറിയ ഉടനെ അതുമായി പുറത്തേക്ക് ഇറങ്ങി ഓടി ബൈക്കിൽ കയറുകയായിരുന്നു. കടയുടമ പുറകെ ഓടി പിടികൂടാൻ ശ്രമിച്ചെങ്കിലും പ്രതികൾ വെട്ടിച്ച് കടന്നു കളഞ്ഞു. തലയിൽ തൊപ്പി ധരിച്ച് മുഖം മറച്ചാണ് കടയിലെത്തിയത്. പ്രതികൾക്കായി പന്തീരാങ്കാവ് പൊലീസ് തിരിച്ചിൽ തുടരുകയാണ്.  വിഡിയോ കാണാം.