ഇലക്ട്രിക് ഓട്ടോ സര്‍വീസിനെചൊല്ലി തർക്കം; മിന്നല്‍ പണിമുടക്ക്

ഇലക്ട്രിക് ഓട്ടോ സര്‍വീസിനെചൊല്ലി കോഴിക്കോട് നഗരത്തില്‍ ഓട്ടോ തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക്. സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് സര്‍വീസ് നടത്താനായി ഇലക്ട്രിക് ഓട്ടോകളെത്തിയതോടെയാണ് ഒരു വിഭാഗം തൊഴിലാളികള്‍ പണിമുടക്കി പ്രതിഷേധിച്ചത്.  

കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് മുന്നിലാണ് പ്രതിഷേധമുണ്ടായത്. പത്തിലേറെ ഇലക്ട്രിക് ഓട്ടോകള്‍ സംഘടിതമായി സ്റ്റാന്‍ഡിലെത്തി. ഇതോടെ മറ്റ് തൊഴിലാളികള്‍ വഴയരികില്‍ ഓട്ടോ നിറുത്തിയിട്ട് പ്രകടനം നടത്തി.

എന്നാല്‍ സമരത്തില്‍നിന്ന് സിഐടിയു തൊഴിലാളികള്‍ വിട്ടുനിന്നു. കഴിഞ്ഞമാസം രണ്ടുതവണ സമാനമായ രീതിയില്‍ ഇലക്ട്രിക് ഓട്ടോകള്‍ സര്‍വീസ് നടത്താനെത്തിയിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ച് ചെയ്ത് പ്രശ്നം പരിഹരിക്കാമെന്ന പൊലീസിന്റെ ഉറപ്പിലാണ് അന്ന് പിന്‍വാങ്ങിയത്. രേഖാമൂലം എഴുതി നല്‍കിയ തീയതി ഇന്നലെ അവസാനിച്ചതോടെ ഇലക്ട്രിക് ഓട്ടോകള്‍ വീണ്ടും സ്റ്റാന്‍ഡിലെത്തുകയായിരുന്നു. അടുത്തമാസം പത്തിനകം പ്രശ്നം പരിഹരിക്കാമെന്നാണ് പൊലീസ് ഒടുവില്‍ നല്‍കിയിരിക്കുന്ന ഉറപ്പ്. ഇലക്ട്രിക് ഓട്ടോകള്‍ക്ക് സംസ്ഥാനത്തെവിടെയും സര്‍വീസ് നടത്താന്‍ അനുമതിയുണ്ടെങ്കിലും നഗരപെര്‍മിറ്റ് അനുവദിക്കാതെ കോഴിക്കോട് നഗരത്തിലോടിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് തൊഴിലാളികള്‍.