തെരുവിനെ അരങ്ങാക്കി,‌ നാടകത്തെ സമരായുധമാക്കി ബബിൽ; 'കരുതേണ്ട ചിഹ്നം'

തെരുവോരത്ത് ഒറ്റകഥാപാത്ര നാടകങ്ങളിലൂടെ കാണികളെ ചിന്തിക്കാനും പ്രതികരിക്കാനും പ്രേരിപ്പിക്കുകയാണ്  ബബില്‍ പെരുന്നയെന്ന കലാകാരന്‍.  തിരഞ്ഞെടുപ്പ് കാലത്ത് കരുതേണ്ട ചിഹ്നം എന്ന ഒറ്റയാള്‍ നാടകവുമായാണ് ബബില്‍ ചങ്ങനാശേരിയിലെ തെരുവിലെത്തിയത്.

ചങ്ങനാശേരി നഗരസഭ ഓഫീസിനു മുന്നിലെ തെരുവോരത്ത് ഈ വൃദ്ധന്‍ എന്തു ചെയ്യുകയാണെന്നറിയാനാണ് ആളുകള്‍ കൂടിയത്.ഇയാള്‍ പറയുന്നത് കേട്ടവരുടെ ഉള്ളൊന്നു പിടഞ്ഞു. നാടകത്തെ സമരായുധമാക്കിയ ഒരാളുണ്ട് ചങ്ങനാശേരിയില്‍.പേര് ബബില്‍ പെരുന്ന.ഒറ്റപാത്രനാടകങ്ങളിലൂടെയാണ് ബബില്‍ സാമൂഹിക തിന്‍മകള്‍ക്കും അനീതിക്കും അഴിമതിയ്ക്കും പ്രതികരിക്കുകയും ചോദ്യം ചോദിക്കുകയും ചെയ്യുന്നത്. തെരുവാണ് ബബിലിന്‍റെ അരങ്ങ്. പ്രായമുള്ള ആളുകള്‍ക്ക് സമൂഹത്തിന്‍റെയും കുടുംബത്തിന്റെയും പരിഗണനയും  കരുതലും നല്‍കണം എന്ന സന്ദേശമുയര്‍ത്തിയാണ് കരുതേണ്ട ചിഹ്നം എന്ന ഒറ്റയാള്‍ നാടകം ബബില്‍ അവതരിപ്പിച്ചത്. 

നാല്‍പതിലധികം കൊല്ലങ്ങളായി ഏകപാത്ര നാടകങ്ങളിലൂടെ  വിവിധവിഷയങ്ങള്‍ ബബില്‍ അവതരിപ്പിക്കുന്നു.ഇന്ധനവില, മദ്യവിപത്ത്, ബസ്ചാര്‍ജ് വര്‍ധന, സ്ത്രീപീഡനം,ആദിവാസി,ദളിത് പ്രശ്നങ്ങള്, ജലമലിനീകരണം എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ തെരുവില്‍ ബബില്‍ അവതരിപ്പിച്ചു. സെക്രട്ടേറിയറ്റ് നടയും  ഹൈക്കോടതി ജംഗ്ഷനും അടക്കം സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും പ്രധാന കേന്ദ്രങ്ങളില്‍ ബബിലിന്‍റെ ഏകപാത്ര നാടകങ്ങള്‍ അരങ്ങേറി. തെരുവിനെ രംഗവേദിയാക്കി നാടകങ്ങളിലൂടെ ആശയസമരം തുടരാനാണ് ബബിലിന്‍റെ തീരുമാനം