കോവിഡ് ഇന്ത്യയ്ക്ക് ആന്തരിക തിരിച്ചറിവിന്റെ കാലം; മനോരമ ഇയര്‍ ബുക്കില്‍ മോദി

കോവിഡ് കാലം ഇന്ത്യയ്ക്ക് ആന്തരികമായ തിരിച്ചറിവിന്റെ കാലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതികൂല സാഹചര്യത്തില്‍ രാഷ്ട്രത്തിന്റെ വ്യക്തിത്വവും അതിജീവനശേഷിയും ലോകം തിരിച്ചറിഞ്ഞെന്നും മനോരമ ഇയര്‍ ബുക്കില്‍ എഴുതിയ ലേഖനത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

രണ്ടായിരത്തി ഇരുപതിനെ തകര്‍ച്ചയുടേയും സ്തംഭനത്തിന്റേയും വര്‍ഷമായല്ല മറിച്ച് ആന്തരികമായ തിരിച്ചറിവിന്റെ കാലഘട്ടമായാണ് വിലയിരുത്തുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ആപത്തുകള്‍ ശക്തി വര്‍ധിപ്പിക്കുക മാത്രമല്ല രാജ്യത്തിന്റെ യഥാര്‍ഥ വ്യക്തിത്വം പുറത്തുകൊണ്ടുവരികയും ചെയ്യും. ഇന്ത്യയുടെ ഐക്യവും ചെറുത്തുനില്‍പ്പിനുള്ള കരുത്തും കോവിഡ് മഹാമാരി ലോകത്തിന് കാട്ടിക്കൊടുത്തു. ഇന്ത്യന്‍ ജനത അച്ചടക്കത്തോടെയും ഉത്തരവാദിത്തത്തോടെയും കോവിഡ് പ്രതിസന്ധിയെ നേരിട്ടത് ലോകത്തെ വിസ്മയിപ്പിച്ചു. സ്വയംപര്യാപ്തിയുടെ വലിയ പാഠങ്ങളാണ് ഈ പ്രതിസന്ധി പഠിപ്പിച്ചതെന്നും മനോരമ ഇയര്‍ ബുക്കിനായി എഴുതിയ 'ആത്മനിര്‍ഭര്‍ ഭാരത് : മാറുന്ന ഇന്ത്യ' എന്ന ലേഖനത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് ലോകത്തിന്റെ ഔഷധശാലയായി ഇന്ത്യ മാറി. രാജ്യത്ത് മരുന്നുക്ഷാമം ഉണ്ടായതുമില്ല. വരും വര്‍ഷവും സ്വയംപര്യാപ്തിയില്‍ ഊന്നിയുള്ള നയങ്ങള്‍ കൂടുതല്‍ വിപുലമായും ഫലപ്രദമായും നടപ്പാക്കും. ഇന്ത്യയെ കൂടുതല്‍ മല്‍സരക്ഷമവും ഉല്‍പാദനക്ഷമവുമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് അനന്തര തൊഴില്‍ മേഖല, പാക്കിസ്ഥാനും ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം തുടങ്ങി വ്യത്യസ്തങ്ങളായി 25 വിഭാഗങ്ങള്‍ പുതിയ മനോരമ ഇയര്‍ ബുക്കിലുണ്ട്. മനോരമ ഏജന്റുമാര്‍ വഴിയും ഡബ്ല്യു ഡബ്ല്യു ഡബ്ല്യു ഡോട്ട് മനോരമ ബുക്ക്സ് ഡോട്ട് കോം വഴിയും ഇയര്‍ ബുക്ക് ഓര്‍ഡര്‍ ചെയ്യാം.