രണ്ട് ദിവസത്തിനിടെ കടിയേറ്റത് 20 പേർക്ക്; വടകരയിൽ തെരുവുനായ ശല്യം രൂക്ഷം

കോഴിക്കോട് വടകരയില്‍ രണ്ട് ദിവസത്തിനിടെ ഇരുപതാളുകള്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. ഒരുമാസത്തിനിടെ വടകര താലൂക്കില്‍ മാത്രം 171 പേര്‍ക്കാണ് കടിയേറ്റത്. പ്രതിരോധ നടപടികള്‍ ഫലപ്രദമല്ലെന്നാണ് പരാതി.  

കുറുമ്പയില്‍ പ്രഭാത സവാരിക്കിറങ്ങിയ പത്തുപേര്‍ക്കാണ് കടിയേറ്റത്. മേമുണ്ട, വില്യാപ്പള്ളി, മുക്കാളി തുടങ്ങിയ ഇടത്തെല്ലാം ആക്രമണം പതിവായിട്ടുണ്ട്. ഒരേസമയം ഒന്നിലധികം നായകളാണ് ആക്രമിക്കുന്നത്. പ്രതിരോധ മാര്‍ഗങ്ങള്‍ ഫലപ്രദമല്ലെന്നാണ് ആക്ഷേപം. വടകര താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജിലുമാണ് പരുക്കേറ്റവര്‍ ചികില്‍സ തേടിയത്. കോവിഡ് പ്രതിരോധത്തിനിടെയുള്ള ആക്രമണം വാക്സീന്‍ ക്ഷാമത്തിനിടയാക്കുമെന്നും ആശങ്കയുണ്ട്. 

ഭക്ഷണ ക്ഷാമമാണ് നായകളുടെ ആക്രമണത്തിന്റെ പ്രധാന കാരണമായിപ്പറയുന്നത്. നേരത്തെ സന്നദ്ധ സംഘടനകള്‍ നായകള്‍ക്ക് ആഹാരമെത്തിച്ചിരുന്നെങ്കിലും പിന്നീട് മുടങ്ങി. പിടികൂടി വന്ധ്യംകരിക്കുന്നത് ഉള്‍പ്പെടെ ഉദ്യോഗസ്ഥ ഇടപെടല്‍ വേഗത്തിലുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.