സ്ട്രോക്കിൽ ഒരുവശം തളര്‍ന്നു; ചികിത്സയ്ക്ക് പണമില്ല; സുമനസുകളുടെ സഹായം തേടി യുവാവ്

മതിയായ ചികില്‍സ ലഭിച്ചാല്‍ സാധാരണ ജിവീതത്തിലേക്ക് തിരിച്ചുവരാന്‍ സാധിക്കുന്ന ഒരു യുവാവുണ്ട് തിരുവല്ലയ്ക്കടുത്ത് പെരിങ്ങരയില്‍. മൂന്നുവര്‍ഷം മുന്‍പു സ്ട്രോക്ക് വന്നതിനെതുടര്‍ന്ന് ഒരുവശം തളര്‍ന്നുകിടക്കുകയാണ് മണക്കുതറ ബിനോജ് കുമാര്‍. പ്രായമായ മാതാപിതാക്കളുടെ ഏക ആശ്രയമായ ഈ യുവാവിന്  വിദഗ്ധ ചികില്‍സ തേടാന്‍വേണ്ടത് കനിവുള്ളവരു‌ടെ സഹായമാണ്‌.

പെരിങ്ങര ടെലിഫോണ്‍ എക്സ്ചേഞ്ചിനുകീഴില്‍ ദിവസവേതന ജോലിക്കാരനായിരുന്നു 44 കാരനായ ബിനോജ് കുമാര്‍. 2018 ഓഗസ്റ്റ് മാസത്തില്‍ ജോലിക്കി‌ടെ കുഴഞ്ഞുവീണു.ആലപ്പുഴ വണ്ടാനം മെഡിക്കല്‍കോളജിലെത്തിച്ചെങ്കിലും ശരീരത്തിന്‍റെ ഇടതുവശം തളര്‍ന്നു. രണ്ടരവര്‍ഷത്തോളമായി വീട്ടില്‍ കിടക്കുകയാണ്. 14 ഗുളികകളാണ് ഒരു ദിവസം ബിനോജിന് നല്‍കുന്നത്.മാതാപിതാക്കളായ തങ്കപ്പനും പൊന്നമ്മയും കൂലിപ്പണിക്കാരാണ്. മകനെ നോക്കാനുള്ളതിനാല്‍ ഇരുവരും ജോലിക്ക് പോകുന്നില്ല. പ്രളയസഹായധനമായി കിട്ടിയ പണം കൊണ്ട് താല്‍ക്കാലികമായി വീടുണ്ടാക്കിയിട്ടുണ്ട്.

നാലുഘട്ടമായി ചികില്‍സ നല്‍കിയാല്‍ ബിനോജിന് കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയുണ്ടാകുമെന്ന് ആലപ്പുഴ ആയുര്‍വേദ പഞ്ചകര്‍മ ആശുപത്രിയിലെ ഡോക്ടര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. മരുന്നുകള്‍ക്കും മറ്റുമായിമാസംതോറും  ഇരുപതിനായിരം രൂപയോളം ചിലവാകുമെന്ന് കണക്കാക്കിയിരിക്കുന്നത്. ദൈനംദിനകാര്യങ്ങള്‍പോലും ബുദ്ധിമുട്ടി നടത്തുന്ന ഇവര്‍ക്ക് ചികില്‍സയ്ക്കുള്ള പണം എങ്ങനെകണ്ടെത്താനാകുമെന്നറിയില്ല.ബിനോജിനെ സാധാരണജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ കനിവുള്ളവരുടെ കൈത്താങ്ങ് തേടുകയാണ് ഈ കുടുംബം,.