റാങ്ക് ലിസ്റ്റ് മറികടന്ന് നിയമനം; പ്രതിഷേധം കടുപ്പിക്കാൻ ഉദ്യോഗാർത്ഥികൾ

പി.എസ്.സി റാങ്ക് ലിസ്റ്റുകളെ അവഗണിച്ച് താല്‍ക്കാലിക നിയമനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്ന സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഉദ്യോഗാര്‍ഥികള്‍. ഇടതുസര്‍ക്കാരിനോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പുകളില്‍ ഉള്‍പ്പെടെ പ്രതിഫലിപ്പിക്കാനാണ് സംഘടനകളുടെ തീരുമാനം. 

പിഎസ്സി റാങ്ക്ഹോള്‍ഡര്‍മാരുടെ സംഘടനയായ ഫെറയാണ് സര്‍ക്കാരിനെതിരെ പരസ്യമായി രംഗതെത്തിയത്. തദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുന്‍പ് റാങ്ക് ലിസ്റ്റുകളില്‍ നിന്നുള്ള നിയമനം നടന്നിലെങ്കില്‍ സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തിറങ്ങാനാണ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം. മുന്‍ സര്‍ക്കാരുകളെ അപേക്ഷിച്ച് പിഎസ് സി നിയമനങ്ങളുടെ കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ അമ്പേ പരാജയമാണെന്ന് ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു.

പിഎസ് സി റാങ്ക് ലിസ്റ്റുകള്‍ അവഗണിച്ച് താത്കാലിക നിയമനങ്ങള്‍ തുടരുന്നതാണ് ഉദ്യോഗാര്‍ഥികളെ ചൊടിപ്പിച്ചത്. നിയമനങ്ങള്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി നടതാത്തതും ദുരൂഹമാണ്. താത്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നാണ് പ്രധാന ആവശ്യം. 

തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അനുകൂലമായി നിലപാടെടുക്കുന്ന രാഷ്ട്രീയ കക്ഷികളോട് സഹകരിക്കുമെന്നും ഉദ്യോഗാര്‍ഥികള്‍ വ്യക്തമാക്കി.