പാര്‍ട്ടിയുമായി ബന്ധമില്ല; ഇത് ‘നിങ്ങൾ എന്നെ കമ്യൂണിസ്റ്റാക്കി’ നാടകത്തിനായി; കുറിപ്പ്

ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെ സർക്കാരിനെയും സിപിഎമ്മിനെയും കടന്നാക്രമിച്ച് പ്രതിപക്ഷം. സ്വർണക്കടത്ത് കേസും മയക്കുമരുന്ന് കേസും തമ്മിൽ ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുറന്നടിച്ചു. ബിനീഷ് കോടിയേരിക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന വാദം ഉയർത്തി പ്രതിരോധിക്കാനുള്ള സിപിഎം നീക്കം വിലപ്പോവില്ലെന്ന് പി.കെ ഫിറോസ് വ്യക്തമാക്കി. ഇതിന് പിന്നാലെ സൈബർ ഇടങ്ങളിലും പ്രതിപക്ഷം അറസ്റ്റ് ആയുധമാക്കുകയാണ്.

‘ബിനീഷ്‌ കോടിയേരിക്ക്‌ പാർട്ടിയുമായി ഒരു ബന്ധമില്ല. ഈ ചിത്രമൊക്കെ യൂണിവേഴ്സ്‌സിറ്റി യൂണിയൻ കലോൽസവത്തിലെ ‘നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിൽ നിന്നാണു. പുതിയ നാടകം ‘കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ’. സിപിഎം പതാക വടിയിൽ കെട്ടുന്ന ചിത്രം പങ്കുവച്ച് ടി.സിദ്ദിഖ് പരിഹസിച്ചു. 

ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട പണമിടപാടിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടികൂടിയത്. ബിനീഷിനെ രാവിലെ ഇഡിയുടെ ബെംഗളൂരുവിലെ ഓഫിസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. അനൂപ് മുഹമ്മദിനെ ചോദ്യംചെയ്തതിനു പിന്നാലെയാണ് ബിനീഷിനെയും ചോദ്യം ചെയ്തത്. അതീവ രഹസ്യമായാണ് ബിനീഷ് ഇഡി ഓഫിസിൽ എത്തിയത്. ലഹരിമരുന്നു കേസിൽ രണ്ടാം തവണയാണ് ബിനീഷിനെ ഇഡി ചോദ്യം ചെയ്തത്.