രണ്ടു വൃക്കകളും തകരാറില്‍; ചികില്‍സയ്ക്കു നല്ല മനസ്സു തേടി കുടുംബം

രണ്ടു വൃക്കകളും തകരാറിലായ ഹോട്ടല്‍ പണിക്കാരന്‍റെ കുടുംബം ചികില്‍സയ്ക്കു പണമില്ലാതെ സഹായം തേടുന്നു. തൃശൂര്‍ വെളിത്തൂര്‍ സ്വദേശിയാണ് വൃക്കരോഗം മൂലം ജീവിതത്തില്‍ പ്രതിസന്ധി നേരിടുന്നത്. പഠനത്തില്‍ നല്ല മാര്‍ക്ക് നേടിയ രണ്ടു മക്കള്‍ വിദ്യാഭ്യാസം മുടങ്ങുന്ന അവസ്ഥയിലുമാണ്. 

ഹോട്ടലില്‍ പൊറോട്ടയുണ്ടാക്കിയും പാചകം ചെയ്തുമായിരുന്നു തൃശൂര്‍ വെളുത്തൂര്‍ സ്വദേശി കെ.പി.വര്‍ഗീസിന്റെ ഉപജീവനം. പത്തു വര്‍ഷം മുമ്പാണ് വൃക്കരോഗം കണ്ടെത്തിയത്. അന്ന് തൊട്ടു ചികില്‍സയാണ്. ഇനി, വൃക്കകള്‍ മാറ്റിവയ്ക്കാതെ മുന്നോട്ടു പോകാന്‍ കഴിയില്ല. പ്ലസ്ടുവിനും ബിരുദത്തിനും 

പഠിക്കുന്ന മകനും മകളുമുണ്ട്. ഭാര്യ ആനി അപകടത്തില്‍പ്പെട്ട് ജോലിയ്ക്കു പോകാന്‍ കഴിയാത്ത അവസ്ഥയില്‍. പ്രതിമാസം മുപ്പതിനായിരം രൂപ ചെലവുണ്ട്. കഴിഞ്ഞ ഫെബ്രുവരി മുതലാണ് ഡയാലിസിസ് തുടങ്ങിയത്. തൊണ്ണൂറു ശതമാനത്തിലേറെ മാര്‍ക്കുള്ള മക്കളുടെ പഠനമാണെങ്കില്‍ നിര്‍ത്തേണ്ട 

അവസ്ഥയാണ്. വൃക്കകള്‍ മാറ്റിവച്ചാല്‍ വര്‍ഗീസിന് വീണ്ടും ഹോട്ടല്‍ പണിക്കു പോകാം. അതുവഴി മക്കളുടെ പഠനവും ഉപജീവനവും തുടരാം. സന്‍മനസുള്ളവര്‍ സഹായം വേണം.

എട്ടു മാസമായി നാട്ടുകാര്‍ നല്‍കുന്ന സാമ്പത്തിക സഹായത്തിലാണ് വര്‍ഗീസിന്റെ ചികില്‍സ തുടരുന്നത്. അഞ്ചു സെന്റ് ഭൂമിയില്‍ പണി തീരാത്ത വീട്ടിലാണ് താമസം. കിടപ്പാടം വിറ്റാലും വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള പണം കിട്ടില്ല. ഉടനെ ശസ്ത്രക്രിയ നടത്തണമെന്നാണ് ആശുപത്രിയില്‍ നിന്നുള്ള 

നിര്‍ദ്ദേശം.