ഇതാ തെരുവു നായകൾക്കൊരു വീട്; വേറിട്ടൊരു അമ്മകരുതൽ

സ്വന്തം കിടപ്പാടം തെരുവു നായ്ക്കളെ വളർത്താൻ വിട്ടുകൊടുത്ത വനിതയുണ്ട് തൃശൂർ തളിക്കുളം പത്താം കല്ലിൽ. എഴുപത് തെരുവു നായ്ക്കളെ പരിപാലിക്കുന്നത് നാട്ടുകാരിൽ നിന്ന് സഹായം തേടിയാണ്. പത്താംകല്ല് സ്വദേശിനി സുനിതയാണ് തെരുവു നായ്ക്കളുടെ രക്ഷക. 

ഈ ഓലപ്പുരയായിരുന്നു സുനിതയുടെ വീട്. അഞ്ചു സെൻ്റ് ഭൂമി. ആറു വർഷം മുമ്പ് രണ്ട് തെരുവ് നായക്കുഞ്ഞുങ്ങളെ കിട്ടി. അവയെ വീട്ടിൽ കൊണ്ടുവന്ന് പരിപാലിച്ചു. പിന്നെ പലരും സുനിതയുടെ വീട്ടുപടിക്കൽ നായ് കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു. ചർമ രോഗം വന്നവ. പല തരം അസുഖങ്ങൾ ബാധിച്ചവ. എല്ലാ നായകളേയും സുനിത പരിപാലിച്ചു. സുഖപ്പെടുത്തി. സൻമനസുള്ളവർ സഹായമായിരുന്നു തുണ. വീട് പണിയാൻ പലരും സാമ്പത്തിക സഹായം നൽകി. ആ തുക കൊണ്ട് പട്ടിക്കൂട് പണിത് നായകളെ സുരക്ഷിതമാക്കി. സുനിതയും ഭർത്താവും തൊട്ടടുത്ത ബന്ധു വീട്ടിലായി താമസം. തെരുവു നായകളുടെ എണ്ണം കൂടിയപ്പോൾ അയൽവാസികളുടെ മുഖം കറുത്തു. പിന്നെ അവരും ഇതുമായി പൊരുത്തപ്പെട്ടു. മരുന്നിനും ഭക്ഷണത്തിനുമായി പ്രതിമാസം ചുരുങ്ങിയത് 15,000 രൂപ വേണം. എൽ.ഐ.സി ഏജൻ്റായി കിട്ടുന്ന തുകയാണ് വരുമാനം. നായകളെ സ്നേഹിക്കുന്ന ഒരു കൂട്ടം നല്ല മനുഷ്യരുടെ സഹായവും.

പ്രതിരോധ കുത്തിവയ്പ്പ് , വന്ധ്യംകരണം തുടങ്ങി ഒരു കൂട്ടം കാര്യങ്ങൾ അടുത്ത മാസം ചെയ്യാനുണ്ട്. കോവിഡ് കാരണം സഹായങ്ങളും കുറഞ്ഞു. ഒരു നേരം പട്ടിണി കിടന്നാലും നായകൾ പട്ടിണി കിടക്കരുതെന്നാണ് സുനിതയുടെ നിലപാട്. നായകളെ വാങ്ങാൻ പലരും വരും. പൊന്നു പോലെ വളർത്തുമെന്ന് ഉറപ്പുള്ളവർക്ക് നായകളെ നൽകും. നയാ പൈസ വാങ്ങാതെ. അപകടത്തിൽപ്പെട്ട നായകളെ ഏറ്റെടുക്കാൻ പലരും വിളിക്കും. ദൂരസ്ഥലങ്ങളിൽ നിന്ന് പോലും. പക്ഷേ, പോകാൻ കഴിയാറില്ല.