പാലം തകർന്നു; കുതിച്ചൊഴുകുന്ന ചാലിയാറിനെ മറികടക്കാൻ ചങ്ങാടം; ദുരിതം

മലപ്പുറം നിലമ്പൂര്‍ മുണ്ടേരി വനത്തിലെ 4 ആദിവാസി കോളനികളിലേക്ക് പുതിയ പാലം നിര്‍മിക്കാന്‍ ഫണ്ടനുവദിച്ചിട്ടും ഡി.പി.ആര്‍ നല്‍കാത്തതുകൊണ്ട് നിര്‍മാണം അനിശ്ചിതമായി നീണ്ടുപോവുന്നു. 2018ലെ പ്രളയത്തില്‍ കോണ്‍ക്രീറ്റു പാലവും പിന്നീട് താല്‍ക്കാലിക പാലവും തകര്‍ന്നതോടെയാണ് കോളനിക്കാര്‍ ഒറ്റപ്പെട്ടത്.

പിച്ച വയ്ക്കുന്ന കൊച്ചു കുട്ടികളടക്കം ചാലിയാര്‍ മുറിച്ചു കടക്കുന്നത്  അതിസാഹസികമായാണ്. ചാലിയാര്‍ കുത്തിയൊലിച്ചൊഴുകുബോള്‍ ചങ്ങാടത്തെ ആശ്രയിക്കാനാവാതെ കോളനിക്കാര്‍ ദിവസങ്ങളോളം പുറംലോകവുമായി ബന്ധപ്പെടാനാവാതെ കുടുങ്ങുകയാണ് പതിവ്. 

ആദ്യപ്രളയത്തില്‍ കോണ്‍ക്രീറ്റു പാലം തകര്‍ന്നതിനു പിന്നാലെ ജില്ല ഭരണകൂടം നിര്‍മിച്ചു നല്‍കിയ താല്‍ക്കാലികപാലവും ഒലിച്ചു പോയതോടെയാണ് അഞ്ഞൂറോളം വരുന്ന ആദിവാസികള്‍ക്ക് ചങ്ങാടം മാത്രം ആശ്രയമായത്. പുതിയ പാലം നിര്‍മിക്കാനടക്കം ഐ.ടി.ഡി.പി ഏഴര കോടി രൂപ അനുവദിച്ചെങ്കിലും ഡി.പി.ആര്‍ തയാറാക്കി നല്‍കാത്തതുകൊണ്ട് പദ്ധതി പാലം കടന്നില്ല. 4 മീറ്റര്‍ വിതിയുളള പുതിയ പാലം നിര്‍മിക്കാനായാല്‍ ആദിവാസി കുടുംബങ്ങളുടെ പകുതി പ്രശ്നം പരിഹരിക്കപ്പെടും.