കൊയ്ത്തിന് ആളില്ല; സഹായിച്ച് യൂത്ത് കോൺഗ്രസ്; നന്ദി പറഞ്ഞ് തമ്പാൻ

നെല്ല് കൊയ്യാൻ ആളെ കിട്ടാതെ പ്രതിസന്ധിയിലായ കർഷകന് സഹായഹസ്തവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. കണ്ണൂർ വേങ്ങാട് ഊർപ്പള്ളി വയലിൽ കർഷകനായ മുണ്ടയാടൻ തമ്പാൻ ചെയ്ത നെൽകൃഷിയാണ് പ്രവർത്തകർ കൊയ്തത്.

പാട്ടത്തിനെടുത്തതടക്കം ഒന്നര ഏക്കറോളം സ്ഥലത്താണ് ബാങ്ക് വായ്പയെടുത്ത് തമ്പാൻ കൃഷിയിറക്കിയത്. കനത്ത മഴയടക്കമുള്ള പ്രതികൂല കാലാവസ്ഥയോട് പൊരുതിയാണ് നെല്ല് കൊയ്യാൻ പാകമായത്. എന്നാൽ കൊയ്ത്തിന് തൊഴിലാളികളെ കിട്ടാത്തത് കർഷകനെ പ്രതിസന്ധിയിലാക്കി. സംഭവം ശ്രദ്ധയിൽപെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർ കർഷകനെ സഹായിക്കാനെത്തി. ജില്ല പ്രസിഡന്റ് സുദീപ് ജയിംസിന്റെ നേതൃത്വത്തിൽ പ്രവർത്തകർ രാവിലെ മുതൽ പാടത്തിറങ്ങി.

പ്രതിസന്ധികളുണ്ടെങ്കിലും നെൽകൃഷിയുമായി മുന്നോട്ടു പോകാനാണ് തമ്പാന്റെ തീരുമാനം. കൊയ്ത്തിനു ആളെ കിട്ടാതെ ബുദ്ധിമുട്ടുന്ന ചില കർഷകർ വയലിലെത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് സഹായമഭ്യർഥിച്ചു.