ഹാരിസ് മരിക്കുമ്പോൾ കോവിഡ് പോസിറ്റീവെന്ന് വകുപ്പ്; പക്ഷേ ലിസ്റ്റിൽ പേരില്ല: സതീശൻ

കളമശേരി മെഡിക്കല്‍ കോളജിൽ സംഭവിച്ച വൻവീഴ്ച ആരോഗ്യവകുപ്പിന് തലവേദനയാകുന്നു. ഹാരിസ് മരിക്കുമ്പോൾ കോവിഡ് പോസിറ്റീവാണെന്ന് ആരോഗ്യവകുപ്പ് പറയുമ്പോഴും കോവിഡ് ബാധിച്ച് മരിച്ചവരുടെ ലിസ്റ്റിൽ ഹാരിസിന്റെ പേരില്ലെന്ന് വി.ഡി സതീശൻ എംഎൽഎ പറയുന്നു. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം കളമശേരി വിവാദത്തിൽ ആരോഗ്യവകുപ്പിനോട് ഉത്തരം തേടി രണ്ടു ചോദ്യങ്ങൾ ചോദിച്ചിരിക്കുന്നത്. 

അതേസമയം ഓക്സിജന്‍ കിട്ടാതെ രോഗി മരിച്ചെന്ന നഴ്സിന്‍റെ ശബ്ദസന്ദേശം ശരിവച്ച് ഡോക്ടറും രംഗത്തെത്തി. മരിച്ച ഹാരിസിന്‍റെ മുഖത്ത് മാസ്കുണ്ടായിരുന്നെങ്കിലും വെന്ററിലേറ്ററില്‍ ഘടിപ്പിച്ചിരുന്നില്ലെന്ന് മെഡിക്കല്‍ കോളജിലെ ഡോ.നജ്മ മനോരമ ന്യൂസിനോട് പറഞ്ഞു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറാണ് ഇതേക്കുറിച്ച് തന്നോടു പറഞ്ഞത്. മുതിര്‍ന്ന ഡോക്ടര്‍മാരെ അറിയിച്ചപ്പോൾ അത് പ്രശ്നമാക്കരുതെന്നു പറഞ്ഞുവെന്നും തനിക്കും സമാന അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും ഡോക്ടർ നജ്മ വെളിപ്പെടുത്തി. വിവരം പുറത്തുപറഞ്ഞ നഴ്സിനെതിരെ അച്ചടക്കനടപടി ശരിയായില്ല. തെറ്റ് ചെ്യതവര്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും വീഴ്ച അറിഞ്ഞിട്ടും റിപ്പോര്‍ട്ട് ചെയ്യാത്ത ഡോക്ടര്‍മാരും കുറ്റക്കാരാണെന്നും ഡോക്ടര്‍ തുറന്ന് പറയുന്നു. 

സതീശന്റെ കുറിപ്പ് ഇങ്ങനെ: കളമശ്ശേരി മെഡിക്കൽ കോളേജിൽ രോഗികളെ പരിചരിക്കുന്നതിൽ വീഴ്ച പറ്റിയെന്നും അശ്രദ്ധ കൊണ്ട് പലരും മരിക്കാനിടയായെന്നും വോയ്സ് ക്ലിപ്പിട്ട നേഴ്സിംഗ് ഓഫീസറെ സസ്‌പെന്റ് ചെയ്തു. ചില സംശയങ്ങൾ:

1. സ്റ്റാഫ് കൂടുതൽ പരിചരണത്തിൽ ശ്രദ്ധിക്കാൻ വേണ്ടിയാണ് നഴ്സിംഗ് ഓഫീസർ വോയ്സ് ക്ലിപ്പിട്ടതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ.

നല്ല കാര്യം ചെയ്തതിന് ആരെയെങ്കിലും സസ്പെന്റ് ചെയ്യുമോ?

2. മരണമടഞ്ഞ ഹാരീസിന് മരിക്കുമ്പോഴും കൊവിഡ് പോസിറ്റീവ് ആയിരുന്നെന്ന് ആരോഗ്യ വകുപ്പ് .

എന്നിട്ടും എന്തുകൊണ്ട് മരണമടഞ്ഞവരുടെ സർക്കാർ അംഗീകരിച്ച ലിസ്റ്റിൽ ഹാരീസിന്റെ പേര് പെട്ടില്ല. ? മരിച്ചവരുടെ ലിസ്റ്റൊക്കെ ഒരു കണക്കാണല്ലേ?