ആനവണ്ടിപ്രേമം മൂത്ത് ചെറുപതിപ്പുണ്ടാക്കി അമൽ; കാത്തിരിപ്പ് വളയം പിടിക്കാൻ

ആനവണ്ടി പ്രേമികള്‍ ഏറെയുണ്ട് കേരളത്തില്‍. എന്നാല്‍ അതിന്റെ അമരക്കാരനാവാൻ ആഗ്രഹിക്കുന്നവര്‍ അധികം കാണില്ല. കെ.എസ്.ആര്‍.ടി.സി ബസിനോടുള്ള ഇഷ്ടം കാരണം ബസിന്റെ മിനിയേച്ചര്‍ വരെയുണ്ടാക്കി ജോലിക്കായി കാത്തിരിക്കുകയാണ് ഒരു ആലപ്പുഴക്കാരന്‍.

ചേര്‍ത്തലയ്ക്ക് പോകാന്‍ തയ്യാറായി നില്‍ക്കുന്ന ബസല്ല, ആനവണ്ടിപ്രേമം മൂത്ത് അമല്‍ബേബി സ്വയം നിര്‍മിച്ച കുഞ്ഞുബസാണ്. ചേര്‍ത്തല– കോയമ്പത്തൂര്‍ സൂപ്പര്‍ ഫാസ്റ്റ്. ബസിന്റെ ബോഡിയും, പെയിന്റിങ്ങും, സീറ്റുകളും, ലൈറ്റുമെല്ലാം ഒറിജിനല്‍ സൂപ്പര്‍ ഫാസ്റ്റിനെ ഓടിത്തോല്‍പ്പിക്കും. ചേര്‍ത്തല മരുത്തോർവട്ടം സ്വദേശിയായ അമലിന് കെഎസ്ആർടിസിയോട് അടങ്ങാത്ത സ്നേഹമാണ്. ആനവണ്ടിയുടെ വളയം പിടിക്കുന്ന ജോലിയാണ് സ്വപ്നം.

നിലവില്‍ ഒരു സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറാണ് അമൽ. എന്നെങ്കിലും കെഎസ്ആർടിസിയില്‍ കയറാനുള്ള തീവ്രപരിശ്രമത്തിലും. ഈ ആഗ്രഹത്തിന് ഡബിള്‍ബെല്ലടിച്ച് കാത്തുനില്‍ക്കുകയാണ് അമ്മയും കൂട്ടുകാരും.