പുഴനീന്തിക്കടന്നു; മൂന്നരക്കിലോമീറ്റർ ഒാട്ടം; പ്രതിയെ പിടികൂടി

പ്രതീകാത്മക ചിത്രം

അഗസ്ത്യാമുഴി-കൈതപ്പൊയിൽ റോഡ് പണിക്കെത്തിയ മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെ ആക്രമിച്ചു കടന്നു കളഞ്ഞ പ്രതിയെ പൊലീസ് സാഹസികമായി ചാലിപ്പുഴ നീന്തിക്കടന്ന് പിടികൂടി. പ്രദേശവാസിയായ അറമത്ത് ബെന്നിയാണ് പിടിയിലായത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. 

വളയത്തിൽപ്പടിയിൽവച്ച് ഡ്രൈവറെ ഗുരുതരമായി പരുക്കേൽപ്പിച്ച് ബെന്നി കടന്നുകളയുകയായിരുന്നു. പൊലീസ് അന്വേഷിക്കുന്നതിനിടെ ഇയാൾ ചാലിപ്പുഴ കടന്ന് നീന്തി. കോടഞ്ചേരി സ്റ്റേഷൻ ഇൻസ്പെക്ടർ കെ.പി.അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം പുഴ നീന്തിക്കടന്ന് മൂന്നര കിലോമീറ്ററോളം ദൂരം പിന്നാലെയോടിയാണ് പിടികൂടിയത്. പൊലീസ് ഉദ്യോഗസ്ഥരായ ജെയ്സൺ പുതിയേടത്ത്, സ്മിത്ത് ലാൽ, ഷിബിൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. 

കഴി‍ഞ്ഞ ദിവസം മണ്ണുമാന്തി യന്ത്രം കേട് വരുത്താനും ബെന്നി ശ്രമിച്ചിരുന്നെന്ന് പൊലീസ് അറിയിച്ചു. പുത്തൻകണ്ടത്തിൻകടവ് പാലത്തിനു സമീപത്തെ കടയിൽ കയറി ഉടമയെയും കോടഞ്ചേരി ടൗണിലെ ഒരു വ്യാപാരിയെയും മുൻപ് ആക്രമിച്ചു പരുക്കേൽപിച്ചിട്ടുണ്ട്. ടൗണിലെ കടകൾക്ക് നേരെയും പ്രതി പലതവണ ആക്രമണം നടത്തിയിട്ടുണ്ട്.