ആംബുലൻസ് ഇല്ലാതായിട്ട് അഞ്ച് മാസം; വലഞ്ഞ് രോഗികൾ

അപ്പര്‍ കുട്ടനാട്ടിലെ ജനങ്ങളുടെ ആശ്രയകേന്ദ്രമായ എടത്വ സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ 108 ആംബുലന്‍സ് ഇല്ലാതായിട്ട് അഞ്ചുമാസം. അമ്പലപുഴ– തിരുവല്ല  റോഡില്‍ ലഭ്യമായ ഏക സര്‍ക്കാര്‍ ആംബുലന്‍സാണിത്. അടിയന്തരഘട്ടങ്ങളില്‍ കിലോ മീറ്ററുകള്‍ അകലെ നിന്നും എത്തുന്ന സ്വകാര്യ ആംബുലന്‍സുകളാണ് ജനങ്ങള്‍ക്കാശ്രയം.

എടത്വ സാമൂഹ്യാരോഗ്യകേന്ദ്രത്തിലുണ്ടായിരുന്ന 108 ആംബുലന്‍സ് ആണ് അപ്പര്‍ കുട്ടനാട്ടിലെയും ഉള്‍പ്രദേശങ്ങളിലെയും ജനങ്ങള്‍ അടിയന്തരഘട്ടങ്ങളില്‍  ആശ്രയിച്ചിരുന്നത്. ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നിരന്തര പരാതിയെതുടര്‍ന്നാണ് ആരോഗ്യമന്ത്രി ഇടപെട്ട്  എടത്വ  സിഎച്ച്സിയില്‍  ആംബുലന്‍സ് ലഭ്യമാക്കിയത്. കോവിഡ് വ്യാപനം തുടങ്ങിയതോടെ  മെയ് ആദ്യവാരം എടത്വയിലെ ആംബുലന്‍സ് ആലപ്പുഴ ഡിഎംഒ ഓഫീസിലേക്ക്  മാറ്റി.അഞ്ചുമാസമായിട്ടും ആംബുലന്‍സ് തിരിച്ചെത്തിച്ചില്ല.അടിയന്തരഘട്ടത്തില്‍ സ്വകാര്യ ആംബുലന്‍സുകളെയാണ് എടത്വയിലെയും സമീപ  പഞ്ചായത്തുകളിലെയും ജനങ്ങള്‍ ആശ്രയിക്കുന്നത്.കിലോമീറ്ററുകള്‍ അകലെയുള്ള അമ്പലപ്പുഴയില്‍ നിന്നോ തിരുവല്ലയില്‍ നിന്നോ ആണ്  

ആംബുലന്‍സുകള്‍ എത്തുന്നത്. സമയത്ത് ആംബുലന്‍സ് ലഭിക്കാതെ വരുന്നതോടെ പലപ്പോഴും രോഗികളുടെ സ്ഥിതി ഗുരുതരമാകാറുണ്ട് നിലവില്‍ കുട്ടനാട്ടില്‍ ചമ്പക്കുളം താലൂക്ക് ആശുപത്രിയില്‍ മാത്രമാണ് 108  ആംബുലന്‍സ് ഉള്ളത്. ഇതിന്‍റെ സേവനം ​അപ്പര്‍കുട്ടനാടന്‍മേഖലയില്‍ ലഭിക്കില്ല.  ആംബുലന്‍സ് ഇല്ലാത്തതിനാല്‍ കോവിഡ് സ്ഥിരീകരിച്ച ഒരാളെ ചികില്‍സാകേന്ദ്രത്തില്‍ എത്തിക്കുന്നതിനുപോലും രണ്ടുദിവസം വേണ്ടിവരുന്നു എന്നാണ്  ജനങ്ങളുടെ പരാതി.എടത്വ സിഎച്ച്എസി കേന്ദ്രീകരിച്ച് നേരത്തെയുണ്ടായിരുന്ന 108 ആംബുലന്‍സ് സര്‍വീസ് പുനസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ  ആവശ്യം