കോവിഡിൽ താളം തെറ്റിയ ജീവിതം; സംഗീത അധ്യാപകർ സമരത്തിലേക്ക്

കോവിഡ് കാലത്ത് പരിശീലനക്ലാസുകളും വേദികളുമില്ലാതായതോടെ പ്രതിസന്ധിയിലായ കലാകാരന്മാര്‍ നിരാഹാരസമരത്തിലേക്ക്. കൊച്ചിയിലെ ഒരു കൂട്ടം സംഗീത അധ്യാപകരാണ് ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാതെ സമരത്തിനിറങ്ങുന്നത്. ആറ് മാസമായി പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറക്കാന്‍ അനുവദിക്കണമെന്നാണാവശ്യം. 

താളം തെറ്റിയ ജീവിതം പഴയപടിയാകാന്‍ എളുപ്പമല്ലെന്നറിയാം. പക്ഷേ വരുമാനമില്ലാതെ ഇനി മുന്നോട്ടുപോകാന്‍ ഇവര്‍ക്കാവില്ല. അഞ്ഞൂറിലധികം കുട്ടികളെ പരിശീലിപ്പിച്ചിരുന്ന സ്ഥാപനമാണിത്. പൊടിപിടിച്ച സംഗീത ഉപകരണങ്ങള്‍ വൃത്തിയാക്കാനാണ് ഇന്ന് ആരെങ്കിലുമെത്തുന്നത്. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നതാകട്ടെ പത്ത് ശതമാനത്തില്‍ താഴെ കുട്ടികള്‍. 

ഓണ്‍ലൈന്‍ ഗാനമേളകളിലൂടെ ലഭിക്കുന്ന ചെറിയ തുകയാണ് ആകെയുള്ള വരുമാനം. അതും തികയാതെ വരുന്നതിനാല്‍ സംഗീത ഉപകരണങ്ങളും, സ്പീക്കറുകളുമടക്കം വില്‍ക്കാനുള്ള തയാറെടുപ്പിലാണിപ്പോള്‍. സ്വന്തമെന്ന് പറയാന്‍ ഇവര്‍ക്കിപ്പോഴുള്ളത് സംഗീതം മാത്രം.