'പേരും വിലാസവും വേറെ അണ്ണന്റെ തരും'; അഭിജിത്തിനെ ട്രോളി എംഎം മണി

കോവിഡ് പരിശോധനയ്ക്കായി കെഎസ്​യു സംസ്ഥാന പ്രസിഡന്റ് പേര് തെറ്റായി രേഖപ്പെടുത്തിയതില്‍ പ്രതിഷേധം ഉയരുന്നതിനിടെ ട്രോളുമായി മന്ത്രി എം.എം മണി. ഫെയ്സ്ബുക്കിലാണ് മന്ത്രി ട്രോൾ കുറിപ്പിട്ടത്. കോവിഡ് ടെസ്റ്റ് നടത്തിയാൽ പേരും വിലാസവും വേറെ അണ്ണന്റെ തരും എന്നാണ് മന്ത്രിയുടെ കുറിപ്പ്.

കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ: ചായകുടിച്ചാൽ കാശ് "അണ്ണൻ തരും" കോവിഡ് ടെസ്റ്റ് നടത്തിയാൽ പേരും മേൽവിലാസവും "വേറെ അണ്ണന്റെ തരും". കെഎസ്​യു എന്നത് കോവിഡ് സ്പ്രെഡിങ് യൂണിയൻ എന്നും മന്ത്രി ഹാഷ്ടാഗ് ചേർത്തിട്ടുണ്ട്. 

കെഎസ്​യു സംസ്ഥാന അധ്യക്ഷനായ കെ.എം അഭിജിത്ത് തിരുവനന്തപുരത്ത് നിന്ന് പരിശോധന നടത്തിയ ശേഷം പേര് അഭി കെ.എം എന്നും ഫോൺ നമ്പര്‍ കെഎസ്​യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണയുടേതുമാണ് നൽകിയിരുന്നത്. പഞ്ചായത്ത് പ്രസിഡന്റ് പരാതി നൽകിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. എന്നാൽ പേര് തെറ്റായല്ല നൽകിയതെന്നും ക്ലറിക്കൽ പിശകാവാമെന്നും ബാഹുൽ കൃഷ്ണ വ്യക്തമാക്കി.