പഴയ എസ്എഫ്ഐക്കാരന്‍; ആരെയും പേടിയില്ല; ആ ‘സഖാവ്’ പറയുന്നു

സൈബർ ഇടങ്ങളിൽ ഇടതുപക്ഷ പ്രവർത്തകരുടെ ആവേശമായി മാറിയ പഴയ എസ്എഫ്ഐക്കാരൻ. എറണാകുളം ഐജി ഓഫിസിനു മുന്നിൽ നടന്ന ഒബിസി മോർച്ചക്കാരുടെ പ്രതിഷേധ മാർച്ചിനു മുന്നിൽ ചുവന്ന കൊടിയുമായി എത്തി മുദ്രാവാക്യം മുഴക്കി നിമിഷങ്ങൾ കൊണ്ട് മിന്നിമാഞ്ഞു എങ്കിലും ‘സഖാവിനെ’ തേടി അഭിനന്ദനങ്ങളും വിമർശനങ്ങളും ഒരുപാടെത്തി. മനോരമ ന്യൂസ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് എല്ലാവരും ഈ മനുഷ്യനെ തിരഞ്ഞത്. 

ഇടപ്പള്ളി സ്വദേശിയും സിപിഎം പ്രവർത്തകനുമായ രതീഷ് ഇതൊന്നും അറിഞ്ഞിരുന്നില്ല. കാരണം അദ്ദേഹം സൈബർ ഇടങ്ങളിൽ ഒട്ടും സജീവമല്ല എന്നതുതന്നെ കാരണം. ‘ഞാൻ പഴയ എസ്എഫ്ഐക്കാരനാണ്, എനിക്കാരെയും പേടിയില്ല. ഞാൻ ഒരു സാധാരണ പ്രവർത്തകനാണ്. ഇതിനെ വേട്ടയാടാൻ ഞാൻ സമ്മതിക്കില്ല.  എന്ത് സമരം വന്നാലും അടി വന്നാലും നേരിടാനുള്ള ധൈര്യമുണ്ട്. സോഷ്യൽ മീഡിയ തിരയുകയാണെന്നും അറിഞ്ഞില്ല. ഞാൻ മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല, അതുകൊണ്ടാണ് അറിയാതെ പോയത്. പിന്നീട് മറ്റൊരു സുഹൃത്ത് വഴിയാണ് സംഗതി അറിയുന്നത്. ’രതീഷ് പറയുന്നു.

ഐജി ഓഫിസിലേയ്ക്ക് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച് എത്തുന്നു എന്നറിഞ്ഞാണ് രതീഷ് കാത്തു നിന്നത്. പക്ഷെ വന്നത് ഒബിസി മോർച്ചക്കാരാണ്. കനത്ത മഴ വകവയ്ക്കാതെയാണ് ചെങ്കൊടി നിവർത്തി സമരക്കാർക്കു മുന്നിലേയ്ക്ക് ഇറങ്ങിച്ചെന്നത്. ഇതു കണ്ട് അമ്പരന്നത് പൊലീസുകാരാണ്. 

സമരക്കാർക്കൊപ്പമുണ്ടായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഇദ്ദേഹത്തെ മാറ്റാനായി ദൂരെ നിന്ന് ഓടി വരുന്നത് വിഡിയോയിൽ കാണാം. ഇതിനകം മറ്റൊരു പൊലീസുകാരൻ ഇദ്ദേഹത്തെ വട്ടം പിടിച്ച് സമരക്കാർക്കു മുന്നിൽ നിന്ന് മാറ്റി ജീപ്പിൽ കയറ്റിയിരുത്തി. പൊലീസുകാർ തന്നെ സ്ഥലത്തു നിന്നു മാറ്റിയെങ്കിലും ഉപദ്രവിച്ചൊന്നുമില്ലെന്ന് രതീഷ് പറഞ്ഞു.