വാങ്ങിയത് 4 കിലോ കരിമീൻ; 2 കിലോ ‘ഐസ് ആയി’; വീട്ടമ്മയുടെ പരാതി

വായിൽ ഐസ് കട്ടകൾ തിരുകി കരിമീനിനു തൂക്കംകൂട്ടി വിൽപന നടത്തിയെന്ന് കലക്ടർക്ക് വീട്ടമ്മയുടെ പരാതി.  പള്ളാത്തുരുത്തിയിൽ റോഡിൽ മത്സ്യവിൽപന നടത്തിയ ആളിൽ നിന്നാണ് കഴിഞ്ഞ 17ന് വെൺമണി ചെറിയത്ത് ദീബ മീൻ വാങ്ങിയത്.

400 രൂപ നിരക്കിൽ 4 കിലോ കരിമീനും 1000 രൂപയ്ക്ക് 3 കിലോ കാളാഞ്ചിയുമാണ് വാങ്ങിയത്. വീട്ടിലെത്തി നോക്കിയപ്പോഴാണ് 3 കിലോ കാളാഞ്ചിക്കു പകരം രണ്ടരക്കിലോ തിലാപ്പിയായും 4 കിലോ കരിമീനിന് പകരം 2 കിലോ കരിമീനുമാണ് കച്ചവടക്കാരൻ നൽകിയതെന്ന് മനസ്സിലായത്. 

കരിമീനിനു തൂക്കം കൂട്ടാനായി വായിൽ ഐസ് കട്ടകൾ തിരുകിയും വലിയ മത്സ്യത്തിന്റെ അടിഭാഗത്ത് ചെറിയ മത്സ്യങ്ങളും വച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് ദീബ ആനി തോമസ്, ബന്ധു ബ്ലെസൺ ജേക്കബ് എന്നിവർ കലക്ടർക്കു നൽകിയ പരാതിയിൽ പറയുന്നു.