കാറില്‍ നിന്ന് ഒരാള്‍ പുഴയിലേക്ക്, പിന്നാലെ മറ്റൊരാളും: കൂടെയുള്ള സ്ത്രീ ബോധരഹിതയായി

പാപ്പിനിശ്ശേരി: യുവാവ് വളപട്ടണം പാലത്തിൽ നിന്നു ചാടിയ സംഭവത്തിൽ അമ്പരപ്പ് മാറാതെ നാട്ടുകാർ. ഗതാഗതക്കുരുക്കായതിനാൽ പാലത്തിലൂടെ മെല്ലെയാണ് വാഹനങ്ങൾ നീങ്ങിയിരുന്നത്. പെട്ടെന്നാണ് ഒരാൾ കാറിന്റെ വാതിൽ തുറന്ന് പുഴയിലേക്കു ചാടിയത്. പിന്നാലെ അടുത്തയാളും. ഇതുകണ്ട് ഒപ്പമുണ്ടായിരുന്ന സ്ത്രീ ബോധരഹിതയാകുന്നു. എന്താണു സംഭവിച്ചതെന്നു തുടക്കത്തിൽ ആർക്കും മനസ്സിലായില്ല.പിന്നാലെയെത്തിയ വാഹനങ്ങളിലെ യാത്രക്കാരും നാട്ടുകാരുമാണ് ആദ്യം ഇവരെ രക്ഷിക്കാൻ ശ്രമിച്ചത്.

കോസ്റ്റൽ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് അധികൃതർ വേഗത്തിൽ സ്ഥലത്തെത്തി. പുഴയിലേക്ക് ആദ്യം ചാടിയ യുവാവിനെ ഇങ്ങനെയാണ് രക്ഷപ്പെടുത്തിയത്. ബോട്ടിലെത്തിയ പൊലീസ് നാട്ടുകാരോടൊപ്പം ഏറെ നേരം പരിശ്രമിച്ചാണ് പുഴയിൽ മുങ്ങിത്താഴ്ന്നുപോയ കയ്യൂർ സ്വദേശി പാലോത്ത് ഹൗസിൽ പ്രബിനി(21) നെ രക്ഷിച്ചത്. മനോദൗർബല്യമുള്ള ഈ യുവാവിനെ രക്ഷിക്കാൻ പിന്നാലെ ചാടിയ ഏച്ചിലംപാറ സ്വദേശി കെ.വി.വിജിത്തി (33) നായി തിരച്ചിൽ രാത്രി വൈകിയും തുടരുകയാണ്.

വളപട്ടണം പുഴ ബോട്ടുജെട്ടി, പാപ്പിനിശ്ശേരി വെസ്റ്റ്, അഴീക്കൽ തുറമുഖം എന്നിവിടങ്ങളിലായി ഇന്നലെ രാത്രിവരെ തിരച്ചിൽ നടത്തി. കോസ്റ്റൽ പൊലീസ് എസ്ഐ ലക്ഷ്മണന്റെ നേതൃത്വത്തിൽ എഎസ്ഐ സജിത്ത്, കെ.മഹേഷ്. സുമേഷ്, സജേഷ്, കോസ്റ്റൽ വാർഡൻ വില്യംസ് ചാൾസ്, സ്രാങ്ക് അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പുഴയിൽ തിരച്ചിൽ നടത്തുന്നത്.രണ്ടു യുവാക്കൾ പുഴയിൽ ചാടിയത് അറിഞ്ഞതോടെ വളപട്ടണം പാലത്തിനു മുകളിൽ വാഹനങ്ങളും ആൾക്കാരും വന്നു നിറഞ്ഞു. 

ഇതോടെ ദേശീയപാത പുതിയതെരു മുതൽ പാപ്പിനിശ്ശേരി വരെ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട അഗ്നിശമന സേന, പൊലീസ് എന്നിവരുടെ വാഹനങ്ങളും ഗതാഗതക്കുരുക്കിൽപ്പെട്ടു. പലരും വാഹനങ്ങൾ റോഡിൽ നിർത്തി പാലത്തിൽ കയറി പുഴയിലെ രക്ഷാപ്രവർത്തനത്തിന്റെ കാഴ്ചക്കാരായി മാറിയതോടെ പൊലീസ് ഇടപെടേണ്ടിവന്നു. കെഎസ്ടിപി റോഡിൽ നിന്നും വാഹനങ്ങൾ ദേശീയപാതയിലേക്ക് കടത്താതെ വഴിതിരിച്ചുവിട്ടു.