രോഗവ്യാപനം പിടിച്ചുനിര്‍ത്താനായി; പശ്ചിമകൊച്ചിയില്‍ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദം

എറണാകുളം ജില്ലയിലെ ഏറ്റവും വലിയ ആക്ടീവ് കോവിഡ് ക്ലസ്റ്ററായ പശ്ചിമകൊച്ചിയില്‍ ക്ലസ്റ്റര്‍ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദം. ജില്ലയിലെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശത്ത് രോഗവ്യാപനം വലിയ തോതില്‍ പിടിച്ചുനിര്‍ത്താനായത് ആരോഗ്യപ്രവര്‍ത്തകരുടെ മികവിന്‍റെ ഉദാഹരണം കൂടിയാണ്.  പതിനായിരത്തിലധികം പേരില്‍ പരിശോധന നടത്തിയപ്പോള്‍ 1100 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.  

കുമ്പളങ്ങി സാമൂഹ്യാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് സെന്റ് പീറ്റേഴ്സ് പള്ളി പാരിഷ് ഹാളിലെ കോവിഡ് രോഗ നിര്‍ണയ ക്യാംപ് . കുമ്പളങ്ങി ഗ്രാമപഞ്ചായത്തില്‍ ഒാഗസ്റ്റ് അഞ്ചിനാണ് ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചത്. അതില്‍ പിന്നെ ഇങ്ങോട്ട് സാമൂഹ്യാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍മാരടക്കം ആരോഗ്യപ്രവര്‍ത്തകര്‍ വിശ്രമം എന്തെന്ന് അറിഞ്ഞിട്ടില്ല. തൊട്ടടുത്ത ഗ്രാമപഞ്ചായത്തായ ചെല്ലാനം കോവിഡ് ക്ലസ്റ്റര്‍ ആയതോടെ കുമ്പളങ്ങി ഗ്രാമപഞ്ചായത്തിലെ ആശമാര്‍ക്കടക്കം കോവിഡ‍് പരിശോധനയില്‍ പ്രത്യേകം പരിശീലനം നല്‍കിയിരുന്നു. പരിശോധനകളോട് ജനങ്ങളുടെ സഹകരണവും ആവോളമുണ്ട്.

മത്സ്യത്തൊഴിലാളി ഗ്രാമങ്ങളും, ഹാര്‍ബറുകളുമെല്ലാം അടങ്ങുന്ന , കൊച്ചിയിലെ തന്നെ ജനസാന്ദ്രതയേറിയ പശ്ചിമകൊച്ചി ക്ലസ്റ്ററില്‍ കോവിഡ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ ആരോഗ്യവകുപ്പിനെ സഹായിച്ചത് ക്ലസ്റ്ററില്‍ നടപ്പാക്കിയ ചിട്ടയായ പ്രവര്‍ത്തനം തന്നെയാണ്.  ഇത് ഫോര്‍ട്ട് കൊച്ചി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരില്‍ നടത്തിയ കോവിഡ് പരിശോധനയായി. ഇവിടുത്തെ ഒരു പൊലീസുകാരന്‍ കോവിഡ് സ്ഥിരീകരിച്ചതിന് പിറകെയാണ് ക്വാറന്റീനില്‍ പോയ ഹൈറിസ്ക് പട്ടികയിലുള്ളവരിലടക്കം നടത്തുന്ന ആന്‍റിജന്‍, ആര്ടിപിസിആര്‍ പരിശോധനകള്‍. കോവിഡ് നിര്‍ണയ പരിശോധനകള്‍ക്കുമുണ്ട് സാമൂഹികഅകലമടക്കമുള്ള ജാഗ്രതാനടപടികള്‍. ആശുപത്രി ഒപികളില്‍ പനിയടക്കം രോഗലക്ഷണങ്ങളുമായെത്തുന്നവരേയും പരിശോധനയ്ക്ക് വിധേയരാക്കും.

ജൂലായ് 15ന് രൂപപ്പെട്ട പശ്ചിമകൊച്ചി ക്ലസ്റ്ററില്‍ ഇപ്പോള്‍ 362 പേരാണ് കോവിഡ് പോസിറ്റീവായുള്ളത്.