'അന്വേഷണം വേണം'; ബിനീഷിനെതിരായ വാർത്ത ഞെട്ടിക്കുന്നതെന്ന് ചെന്നിത്തല

ബെംഗളൂരുവില്‍ പിടിയിലായ ലഹരിമരുന്ന് സംഘവും  സ്വര്‍ണക്കടത്ത് കേസ് പ്രതികളും തമ്മിലുളള ബന്ധം അന്വേഷിക്കണമെന്ന് പ്രതിപക്ഷവും ബി.ജെ.പിയും. ലഹരിമരുന്ന് കേസ് പ്രതിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകന് ബന്ധമുണ്ടെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.  അതേസമയം കേസില്‍ ആരോപണം നേരിട്ട കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ബിനീഷ് കോടിയേരിയും ഉള്‍പെട്ടിട്ടുണ്ടെന്ന  വിവരം പുറത്തുവന്നു.

ലഹരിമരുന്ന് കേസ് പ്രതികള്‍ക്ക് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ വീട് സഹായം നല്‍കുന്നുവെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു.   പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം ലഹരിമരുന്നുകേസില്‍ കേരള പൊലീസിന് അന്വേഷിക്കാനാകും. എന്നാല്‍ അന്വേഷണം വേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട് . ഇത് തെറ്റാണെന്നും സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കത്തുനല്‍കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു

അന്വേഷണം  നടത്താതെ ചോദ്യം ചോദിക്കുന്നവരുടെ മേല്‍ കുതിരകയറിയിട്ട് കാര്യമില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ തിരുവല്ലയില്‍  പറഞ്ഞു. ലഹരിമരുന്ന് കടത്തില്‍ പണമിടപാടുകള്‍ നടന്നെന്ന് ആരോപണമുയര്‍ന്ന ബി.ക്യാപിറ്റല്‍ എന്ന   കമ്പനിയുടെ   രേഖകളില്‍ രണ്ട് ഡയറക്ടര്‍മാരില്‍ ഒന്ന് ബിനീഷ് കോടിയേരിയാണെന്ന വിവരം പുറത്തുവന്നു. . അനസ് വലിയപറമ്പത്ത് എന്ന ധര്‍മ്മടം സ്വദേശിയാണ് മറ്റൊരു ഡയറക്ടര്‍.  ബി.ക്യാപിറ്റല്‍ വഴിയാണെന്ന് പണമിടപാട് നടന്നതെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി.കെ ഫിറോസ് ആരോപിച്ചപ്പോള്‍  അങ്ങിനെയൊരു കമ്പനിയില്ലെന്നായിരുന്നു ബിനീഷ് കോടിയേരിയുടെ  പ്രതികരണം