കോവിഡിനെ പ്രതിരോധിച്ച് പുലികള്‍ ഇറങ്ങി; 'ഓണ്‍ലൈനിൽ'

കോവിഡിനെ പ്രതിരോധിച്ച് പുലികള്‍ ഇറങ്ങിയത് ഓണ്‍ലൈനില്‍. നാലോണനാളില്‍ തൃശൂരിനെ വിറപ്പിക്കാറുള്ള പുലിക്കൂട്ടം ഇക്കുറി പേരിനു മാത്രമായി ചുരുങ്ങി. 

തൃശൂരിന്‍റെ പുലിക്കളി ചരിത്രമെടുത്താല്‍ ഇങ്ങനെയൊരു ഓണ്‍ലൈന്‍ കളി ആദ്യമാണ്. സാമൂഹിക അകലം നിര്‍ബന്ധമായതോടെ പുലിക്കളി പഴയ പ്രൗഢിയില്‍ നടക്കില്ലെന്ന് ഉറപ്പായിരുന്നു. തൃശൂരിന്‍റെ സ്വന്തം പുലിക്കളി മുടങ്ങാതിരിക്കാനാണ് ഓണ്‍ലൈനിലൂടെ നടത്തിയത്. അയ്യന്തോള്‍ ദേശക്കാരായിരുന്നു ഇതു സംഘടിപ്പിച്ചത്. മൊബൈല്‍ ഫോണിലൂടെ പുലികള്‍ സ്ക്രീനില്‍ പരസ്പരം കണ്ടു. ഒരു മണിക്കൂര്‍ നേരം പുലികള്‍ ഓണ്‍ലൈനായി കളിച്ചു. 

വിയ്യൂര്‍ ദേശക്കാര്‍ വടക്കുന്നാഥ ക്ഷേത്രത്തിനു മുമ്പില്‍ തേങ്ങയുടച്ച് മടങ്ങി. പേരിനു മാത്രം ഒരു പുലിയെ അവര്‍ ഇറക്കി. അടുത്ത ഓണത്തിന് പുലിക്കളി കെങ്കേമമാക്കാമെന്ന പ്രതീക്ഷയിലാണ് ഓരോ ദേശക്കാരും. അതിനുള്ള കാത്തിരിപ്പിലാണ് പുലിക്കളി സംഘങ്ങള്‍.

പുലികള്‍ ഒരേസമയം പ്രത്യക്ഷപ്പെട്ടത് അയ്യന്തോള്‍ പുലിക്കളി എന്ന പേരിലുള്ള ഫെയ്സ്ബുക് പേജില്‍.