സിവിൽ സർവീസ് പരിശീലനത്തിനുപുറമേ കൃഷിയിലും വിജയഗാഥ; ഓണസമ്മാനം

സിവിൽ സർവീസ് പരിശീലനത്തിനുപുറമേ കൃഷിയിലും വിജയഗാഥ കൈവരിച്ച് മലപ്പുറം പൊന്നാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസർച്ച് സെൻ്റർ.  പരിശീലന കേന്ദ്രത്തോട് ചേർന്ന സ്ഥലത്ത് നിന്ന് വിളവെടുത്ത പച്ചക്കറികൾ ഈശ്വരമംഗലത്തെ ഇരുന്നൂറ്റിയമ്പത് കുടുംബങ്ങൾക്ക് ഓണസമ്മാനമായി നൽകി. പ്രളയം തകർത്തെറിഞ്ഞ കൃഷിയിടത്തിൽ വിളഞ്ഞ വിഭവങ്ങൾ അതിജീവനത്തിന്റെ സന്ദേശം കൂടിയാണ്. 

വെണ്ട തക്കാളി പയർ വഴുതണ മുരിങ്ങ പച്ചമുളക്ക് മുതലായ പച്ചക്കറികളുടെ കൃഷി. ഫലവൃക്ഷങ്ങളും ആരേയും ആകർഷിക്കുന്ന പൂന്തോട്ടവും. നിളാ തീരത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസർച്ച് സെൻ്ററിലെത്തിയാൽ ഒരു കാർഷിക കേന്ദ്രമാണെന്ന് തോന്നുമെങ്കിലും ഭാവിയിലെ ഭരണകർത്താകളെ വാർത്തെടുക്കുന്ന സ്ഥാപനമാണിത്. ഇവിടെയുള്ള വിദ്യാർഥികൾക്ക് ജൈവ പച്ചക്കറി നൽകുകയെന്ന  ലക്ഷ്യത്തോടെയാണ് മൂന്ന് വർഷം മുമ്പ് തരിശുകിടന്ന ഈ സ്ഥലത്ത് കൃഷി ആരംഭിച്ചത്. എന്നാൽ വറുതിയുടെ കോവിഡ്‌ക്കാലത്ത്  നടത്തിയ വിളവെടുപ്പിൽ ലഭിച്ച പച്ചക്കറികൾ  അക്കാദമിയോടുചേർന്നുള്ള   ഇരുന്നൂറ്റമ്പത് നിർധന കുടുബങ്ങൾക്ക് ഓണ വിഭവങ്ങളാകും.

ജീവനക്കാരുടെ തന്നെ മേൽനോട്ടത്തിലാണ് പരിപാലനം. തൈകൾ ഉൽപാദിപ്പിക്കുന്നതിനും ഇവിടെ പ്രേത്യേക സൗകര്യമുണ്ട്. പോളിഹൗസ് വഴി പ്രതിവർഷം അഞ്ചുലക്ഷം തൈകളും ഇവിടെ ഉൽപാദിപ്പിക്കുന്നുണ്ട്.