ഉണർന്ന് തീരങ്ങൾ; ആഴക്കടലിൽ വലയെറിയാൻ കുതിച്ച് ബോട്ടുകൾ

അഞ്ചുമാസത്തെ ഇടവേളയ്ക്ക് ശേഷം കോഴിക്കോട് തീരത്തുനിന്ന് മീന്‍പിടിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ പോയി തുടങ്ങി. കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തിയാണ് മത്സ്യബന്ധനത്തിന് അനുമതി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ അര്‍ധരാത്രി മുതല്‍ ബേപ്പൂരില്‍നിന്ന് വലിയ ബോട്ടുകള്‍ കടലില്‍ പോയി തുടങ്ങി. കൊയിലാണ്ടി ഹാര്‍ബറിലെ ബോട്ടുകളും മീന്‍പിടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ചോമ്പാല ഹാര്‍ബറില്‍നിന്ന് ഇന്ന് അര്‍ധരാത്രിമുതല്‍ ബോട്ടുകള്‍ക്ക് പോകാം. നാളെ അര്‍ധരാത്രിമുതല്‍ പുതിയാപ്പ ഹാര്‍ബറില്‍നിന്ന് മത്സ്യബന്ധനം ആരംഭിക്കും. 

നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി കോവിഡ് പരിശോധന നടത്തിയാണ് അതിഥി തൊഴിലാളികളെ ബോട്ടുകളില്‍ കയറ്റുന്നത്. ലേലം വിളിയും ഹാര്‍ബറിലെ ചില്ലറ വില്‍പനയും നിരോധിച്ചിട്ടുണ്ട്.