രോഷ കമന്‍റുകള്‍ 10,000 കവിഞ്ഞു; വനം മന്ത്രിയുടെ പേജില്‍ വേറിട്ട സമരം

ഇഐഎ 2020 പിൻവലിക്കണമെന്ന ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച കമന്റ് മാർച്ചിൽ വൻജന പങ്കാളിത്തം. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്ക്കറുടെ ഫെയ്സ്ബുക്ക് പേജിലേക്ക് പ്രതിഷേധ സൂചകമായി യൂത്ത് കോൺഗ്രസ് കമന്റ് മാർച്ച് സംഘടിപ്പിച്ചത്. 

ഇതിനോടകം പതിനായിരത്തിലേറെ പേർ ഈ ആവശ്യവുമായി പോസ്റ്റിന് താഴെ കമന്റിട്ടു. ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലായിരുന്നു വേറിട്ട ഈ സൈബർ പ്രതിഷേധം. 

ഇതിനിടെ, പരിസ്ഥിതി ആഘാത വിലയിരുത്തല്‍ വിജ്ഞാപനത്തിന്‍റെ കരട് ഇന്ത്യന്‍ ഭാഷകളില്‍ ലഭ്യമാക്കിയില്ലെന്ന പരാതിയില്‍ കേന്ദ്ര സര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടിസ്. തിങ്കളാഴ്ച്ച മറുപടി നല്‍കാനും നിര്‍ദേശിച്ചു. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍പ്പെടുത്തിയ ഭാഷകളിലേയ്ക്ക് കരട് പ്രസിദ്ധീകരിക്കണമെന്ന് ജൂണില്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കുറ്റകരമായ അനാസ്ഥ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുമുണ്ടായതായി പരിസ്ഥിതി പ്രവര്‍ത്തകനായ വിക്രാന്ത് തോംഗഡ് നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. 

കേന്ദ്ര സര്‍ക്കാരിന്റെ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ വിജ്ഞാപനത്തില്‍ സംസ്ഥാനസര്‍ക്കാര്‍ നിലപാട് അറിയിക്കാത്തത്  കുറ്റകരമായ അനാസ്ഥയെന്ന്  കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു‍. സി.പി.എം കേന്ദ്രനേതൃത്വം വിജ്ഞാപനത്തെ എതിര്‍ത്തിട്ടും  ആശങ്കപോലും രേഖപ്പെടുത്താന്‍ സംസ്ഥാനത്തെ നേതാക്കള്‍ തയാറായില്ല. പരിസ്ഥിതിയെ തകര്‍ത്ത പാര്‍ട്ടിയാണ് സി.പി.എമ്മെന്നും പ്രകൃതി സ്നേഹം വാക്കുകളില്‍ മാത്രമാണെന്നും മുല്ലപ്പള്ളി പ്രസ്താവനയില്‍ ആരോപിച്ചു.