കാസര്‍കോട് മഴ കുറഞ്ഞു; തുടരുന്ന ജാഗ്രത

കാസര്‍കോട് ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞെങ്കിലും ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് ജില്ലഭരണകൂടം. പുഴകളെല്ലാം നിറഞ്ഞൊഴുകുന്ന സാഹചര്യത്തില്‍ തീരത്ത് താമസിക്കുന്നവരെ മാറ്റിപാര്‍പ്പിച്ചിരിക്കുകയാണ്. മഴയിലും, വെള്ളക്കെട്ടിലും മൂന്നേമുക്കാല്‍ കോടിരൂപയുടെ കൃഷിനാശമുണ്ടായി. 

ജില്ലയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.  മഴയുടെ ശക്തി അല്‍പം കുറഞ്ഞെങ്കിലും താഴന്നപ്രദേശങ്ങളില്‍ വെള്ളക്കെട്ട് തുടരുന്നു. കര്‍ണാടക ഉള്‍വനത്തിലടക്കം കനത്ത മഴ തുടരുന്നത് നദികള്‍ 

നിറഞ്ഞൊഴുകാന്‍ കാരണമാണ്. ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളില്‍ വെള്ളക്കെട്ട് ദുരിതം വിതക്കുന്നു. ആയിരത്തോളം കുടുംബങ്ങളാണ് സ്വന്തം വീട്ടുകളിലേയ്ക്ക് മടങ്ങാന്‍ സാധിക്കാതെ ബന്ധുവീടുകളിലും ദുരിതാശ്വാസ ക്യാമ്പുകളിലും താമസിക്കുന്നത്. വെള്ളരിക്കുണ്ട്, താലൂക്കില്‍ രണ്ട് ദുരിതാശ്വാസ 

ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മഴക്കെടുതികള്‍ നേരിടുന്നതിന് ഒരുങ്ങിയതായി കലക്ടര്‍ ഡി.സജിത്ബാബു പറഞ്ഞു. കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തായ്യറാക്കുന്നതിനുള്ള നടപടികള്‍ ജില്ല ഭരണകൂടം ആരംഭിച്ചിട്ടുണ്ട്.

ജില്ലയില്‍ ഒന്‍പത് വീടുകള്‍ പൂര്‍ണമായും,25 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. വെള്ളരിക്കുണ്ട് താലൂക്കിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. മടിക്കൈ, നീലേശ്വരം ഭാഗങ്ങളില്‍ വ്യാപകമായി കൃഷി നശിച്ചു. 286 ഹെക്ടറിലെ കൃഷി നശിച്ചെന്നാണ് ഔദ്യോഗിക കണക്കുകള്‍. ജില്ലയില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോററ്റിമുന്നറിയിപ്പ് നല്‍കി.