കൊച്ചി മുഴുവന്‍ കറങ്ങി പ്രചാരണം; വെര്‍ച്വല്‍ പ്ലാറ്റ് ഫോമിൽ സമരമൊരുക്കി സിപിഐ

ആള്‍ക്കൂട്ടത്തിന്  നിയന്ത്രണങ്ങളുള്ളകാലത്ത് പ്രതിഷേധത്തിന്റെ പുതിയൊരു മാര്‍ഗം വെട്ടിത്തുറക്കുകയാണ് കൊച്ചിയില്‍ സിപിഐയും പോഷകസംഘടനകളും. പ്രതിഷേധവും പ്രചാരണവുമെല്ലാം വെര്‍ച്വല്‍ പ്ലാറ്റ് ഫോമിലാണ്. സമൂഹമാധ്യമങ്ങള്‍ വഴി പ്രതിഷേധച്ചൂട് ജനങ്ങളില്‍ എത്തിക്കുകയും ചെയ്യും. കൊച്ചി നഗരസഭയ്ക്കെതിരായ പ്രചാരണത്തോടെ ഇന്ന് വൈകിട്ട് 5ന് പുതിയ സമരരീതിക്ക് തുടക്കമാകും .

കൊച്ചി മുഴുവന്‍ കറങ്ങിയാണ് പ്രചാരണം . പക്ഷേ റോഡില്ല  സൈബര്‍ ഭൂമിയിലാണെന്ന് മാത്രം .തേവരയും പള്ളുരുത്തിയും  പാലാരിവട്ടവുമെല്ലാ കടന്നാണ് പ്രചാരണവാഹനത്തിന്റെ പോക്ക് . സിപിഐ എറണാകുളമെന്ന ഒൗദ്യോഗിക ഫേസ് ബുക്കില്‍ കയറിയാല്‍ പ്രചാരണവാഹനത്തിന്റ പോക്കും കാണാന്‍ . വെള്ളക്കെട്ടിനെതിരേ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി സി സഞ്ജിത്ത് നയിക്കുന്ന ജാഥ കൊച്ചി നഗരസഭയുടെ വീഴ്ചകളാണ് ജനങ്ങളിലേക്ക് എത്തിക്കുന്നത് .

പള്ളുരുത്തിയില്‍ നിന്നാണ് വെര്‍ച്വല്‍ ജാഥയുെട തുടക്കം . പള്ളുരുത്തി കോവിഡ് കണ്ടയ്ന്‍മെന്റ് സോണായതിനാല്‍   സിപിഐ ജില്ലാ കമ്മിറ്റി ഒാഫിസില്‍ തന്നെയുണ്ടാകും ഒരു വെര്‍ച്വല്‍ പള്ളുരുത്തി . കോട്ടയത്തിരുന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ജാഥ ഉദ്ഘാടനം ചെയ്യും സിപിഐ ജില്ലാ സെക്രട്ടറി പി രാജു മുഖ്യപ്രഭാഷണവും നടത്തും.  സമാപന സമ്മേളനം പിന്നീട് അഡ്വക്കറ്റ് കെ എന്‍ സുഗതന്‍ ഉദ്ഘാടനം ചെയ്യും . ഉദ്ഘാടനത്തിലും ജാഥയിലും സമാപനമ്മേളനത്തിലുമെല്ലാം പ്രവര്‍ത്തകര്‍ക്ക് ഫേസ്ബുക്ക് വഴി ലൈവായി പങ്കുചേരാം . കോവിഡ് മാര്‍ഗനിര്‍ദേശം പാലിച്ച്  പ്രവര്‍ത്തകരുടെ സാന്നിധ്യമൊഴിവാക്കി എങ്ങിനെ പ്രക്ഷോഭം സംഘടിപ്പിക്കാമെന്നതിന്റെ മാതൃകയാണ് ഈ  ഉദ്യമം.

MORE IN KERALA