പിരിമുറുക്കം മറികടക്കാൻ വായന; കുരുന്നുകളുടെ മനസറിഞ്ഞ് അധ്യാപകർ

കോവിഡ് കാലത്തും കുട്ടികളുടെ വായനാശീലം കൂട്ടാന്‍ വീടുകളില്‍ പുസ്തകമെത്തിച്ച് കുട്ടനാട്ടില്‍ ഒരു സ്കൂള്‍. നെടുമുടി നായര്‍ സമാജം സ്കൂളാണ് രക്ഷിതാക്കളുടെ സഹകരണത്തോടെ വായനോല്‍സവത്തിന് തുടക്കമിട്ടത്. വീടുകളില്‍ ഒതുങ്ങിക്കഴിയേണ്ടി വരുന്ന കുട്ടികളുടെ മാനസിക പിരിമുറുക്കം ഇഷ്ടപുസ്തകങ്ങളുടെ വായനയിലൂടെ മറികടക്കാനാകുമെന്നാണ് അധ്യാപകരുടെ പക്ഷം

ക്ലാസുമുറികളില്‍നിന്ന് മാത്രമല്ല കൂട്ടുകാരില്‍നിന്നുമെല്ലാം അകന്നുകഴിയേണ്ടിവരുന്ന കുട്ടികളുടെ മനസറിഞ്ഞ് ഒരു പുതിയ പാഠം രചിക്കുകയാണ് ഈ സ്കൂളിലെ അധ്യാപകര്‍. കുട്ടികൾക്ക് സ്കൂളിലെത്താൻ കഴിയാത്ത സാഹചര്യത്തില്‍ ലൈബ്രറി അവരിലേക്കെത്തുകയാണ്. പുസ്തകങ്ങൾ രക്ഷിതാക്കള്‍ വഴി തിരഞ്ഞെടുക്കാം. വിവിധ ഭാഷകളിലും, വിഭാഗങ്ങളിലും പെടുന്ന ആയിരത്തിലധികം പുസ്തകങ്ങളുണ്ട് നെടുമുടി നായര്‍സമാജം ഹൈസ്കൂളില്‍

കുട്ടികളുടെ മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ വായനോല്‍സവം ഉപകാരപ്പെടുമെന്നാണ് രക്ഷിതാക്കളുടെയും പക്ഷം മഹാപ്രളയത്തില്‍ ആയിരക്കണക്കിന് പുസ്തകങ്ങളാണ് കുട്ടനാട്ടിലെ ഈ സ്കൂളിന് നഷ്ടമായത്. വിജയശതമാനത്തില്‍ നൂറുമേനി കൊയ്യുന്ന നൂറ്റിനാല് വര്‍ഷം പഴക്കമുള്ള സ്കൂളിലേക്ക് കുറച്ച് പുസ്തകങ്ങൾ അക്ഷരപ്രിയരുടെ സമ്മാനമായി ഇവര്‍ പ്രതീക്ഷിക്കുന്നുമുണ്ട്