ഒളവണ്ണിയിൽ കുന്നിടിഞ്ഞു; നാല് വീടുകൾ ഭാഗികമായി തകർന്നു

കോഴിക്കോട് ഒളവണ്ണയില്‍ കുന്നിടിച്ചിലില്‍ നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു. മഴ തുടരുന്നതിനാല്‍ ഏത് സമയത്തും കൂടുതല്‍ മണ്ണ് വീടുകളുടെ മുകളിലേക്ക് പതിക്കാനുള്ള സാധ്യതയുണ്ട്. റവന്യൂ അധികൃതര്‍ പരിശോധിച്ച് മടങ്ങിയതല്ലാതെ മണ്ണ് നീക്കാന്‍ അനുമതി നല്‍കിയിട്ടില്ല. 

കോഴിക്കോടന്‍ കുന്നിന്റെ ഭാഗമായ നുഞ്ഞിയില്‍ മേത്തലിലാണ് മണ്ണിടിച്ചില്‍. നാല് വീടുകളുടെ പിന്‍ഭാഗത്തേക്ക് മണ്ണ് വീണ് സാരമായി കേടുപറ്റി. മഴയില്‍ കുന്നിന്റെ പലയിടത്തും കുതിര്‍ന്നതിനാല്‍ കൂടുതല്‍ മണ്ണ് നിലംപൊത്താനുള്ള സാധ്യതയുണ്ട്. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് കുട്ടികള്‍‍ക്കുള്‍പ്പെടെ സുരക്ഷിത ഇടത്തേക്ക് മാറാനാകാത്ത അവസ്ഥയാണ്. അപകടസാധ്യത നേരത്തെ പല തവണ പഞ്ചായത്തധികൃതരെ അറിയിച്ചെങ്കിലും ഇടപെടലുണ്ടായില്ല. 

റവന്യൂ അധികൃതര്‍ അപകടസ്ഥലം പരിശോധിച്ചു. സ്വന്തം ചെലവില്‍ മണ്ണ് നീക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും ദൂരസ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. വീടുകളിലേക്ക് പതിച്ച മണ്ണ് വേഗത്തില്‍ നീക്കം ചെയ്യാനായില്ലെങ്കില്‍ കുടുംബങ്ങള്‍ അപകടമുനമ്പിലെന്നത് തുടരും.