കോവിഡ്; പൊലീസ് ആസ്ഥാനം അടച്ചു: കർശന മാർഗനിർദേശം

കോവിഡ് ബാധയെ തുടര്‍ന്ന് പൊലീസ് ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചു. അമ്പത് വയസിന് മുകളിലുള്ളവരെയും രോഗങ്ങളുള്ളവരെയും പുറം ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നതടക്കം മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമാക്കി ഡി.ജി.പി സര്‍ക്കുലര്‍ ഇറക്കി. ഇടുക്കി കഞ്ഞിക്കുഴിയില്‍ എസ്.ഐ രോഗം ബാധിച്ച് മരിക്കുകയും പൊലീസുകാരിലെ രോഗവ്യാപനം കൂടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമാക്കുന്നത്. 

   

കോവിഡിനെതിരെ പ്രതിരോധക്കോട്ട തീര്‍ക്കുന്ന പൊലീസുകാരെ ദുഖത്തിലാക്കുന്ന വാര്‍ത്തയാണ് ഇന്ന് രാവിലെ ഇടുക്കിയില്‍ നിന്നെത്തിയത്.  കഞ്ഞിക്കുഴി സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് എസ് ഐയും വെള്ളിയാമറ്റം പൂച്ചപ്ര സ്വദേശിയുമായ വി.പി അജിതൻ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചു. ഭാര്യയില്‍ നിന്ന് രോഗം പകര്‍ന്ന ഇദേഹത്തിന് ഹൃദ്യോഗും കടുത്ത പ്രമേഹമുണ്ടായിരുന്നത് ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വിഫലമാക്കി. പൊലീസുകാരിലെ ആദ്യമരണമാണങ്കിലും രോഗബാധ ദിനംപ്രതി കൂടുകയാണ്. ഇതിനകം 90 പൊലീസുകാര്‍ക്ക് കോവിഡ് ബാധിച്ചപ്പോള്‍ രണ്ടായിരത്തിലേറെപ്പേര്‍ നിരീക്ഷണത്തിലായി.

  

50 വയസിന് മുകളിലുള്ളവരെയും ഹൃദ്രോഗവും പ്രമേഹവും പോലെ രോഗങ്ങളുള്ളവരെയും പുറത്തെ ഡ്യൂട്ടിക്ക് വിടാതെ സ്റ്റേഷനിലെ ജോലി മാത്രം നല്‍കണമെന്നതാണ് പ്രധാനനിര്‍ദേശം. പൊലീസുകാരും കുടുംബാംഗങ്ങളും യാത്രകളൊഴിവാക്കി ആരോഗ്യപ്രോട്ടോക്കോള്‍ പാലിക്കണം. പൊലീസുകാര്‍ രോഗബാധിതരായാല്‍ മികച്ച ചികിത്സ ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ ഇടപെടണമെന്നും നിര്‍ദേശത്തിലുണ്ട്. ഇതിനിടെ രണ്ട് പൊലീസുകാര്‍ക്ക് രോഗം ബാധിച്ചതോടെയാണ് പൊലീസ് ആസ്ഥാനം അണുനശീകരണത്തിനായി ഇന്നും നാളെയും അടച്ചത്. കണ്‍ട്രോള്‍ റൂം ഉള്‍പ്പെടെ അത്യാവശ്യസേവനങ്ങള്‍ തുടരുകയും ചെയ്യും.