തലസ്ഥാനത്ത് രോഗികൾ ഏറുന്നു; പരിശോധന കൂട്ടും: അതിജാഗ്രത

കോവിഡ് സമ്പര്‍ക്കരോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ അതീവ ജാഗ്രത. പരിശോധനകളുടെ എണ്ണം കൂട്ടാന്‍ ജില്ലാഭരണകൂടം തീരുമാനിച്ചു.  ഇന്നലെ രോഗം സ്ഥിരീകരിച്ച 320 പേരില്‍ 311 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 

  

ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗികളുടെ എണ്ണം കൂടുന്നതോടെ തീരദേശത്തടക്കം ജാഗ്രത കര്‍ശനമാക്കി. കഴിഞ്ഞ കുറെ ദിവസങ്ങളായി സമ്പര്‍ക്കരോഗികളുടെ എണ്ണം ജില്ലയില്‍ കൂടുകയായിരുന്നു. 1203 പേര്‍ രോഗ നിരീക്ഷണത്തിലായപ്പോള്‍ 1635പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി .13910 പേര്‍ വീടുകളിലും 1044പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ഇതോടെ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 17500 ആയി. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം 13910 ഉം ആസുപത്രികളില്‍ നിരീക്ഷണത്തില്‍ ഉള്ളവര്‍ 2546 പേരും ആയി. കണ്‍ടൈന്‌‍മെന്‍റ് സോണുകളായുള്ള തീരദേശത്ത് മൊബൈല്‍ എ.ടി.എമ്മിനു പുറമേ ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ ബാങ്കും പ്രവര്‍ത്തിക്കും.

മൂന്നു പൊലീസുകാര്‍ക്കുകൂടി കോവിഡ്–19 സ്ഥിരീകരിച്ചതോടെ തിരുവനന്തപുരത്ത് കിളിമാനൂര്‍ സ്റ്റേഷനിലെ എല്ലാ പൊലീസുകാരും ക്വാറന്റീനില്‍.  ശ്രീചിത്രമെഡിക്കല്‍ സെന്ററില്‍ ഡോക്ടര്‍ക്കും രോഗിക്കും കോവിഡ് സ്ഥിരീകരിച്ചു. ഗൃഹനിരീക്ഷണത്തിലായിരുന്ന ഡോക്ടര്‍ വീട്ടില്‍ ചികില്‍സയിലണ്.വാര്‍ഡുതല സമിതിയുടെ പരിശോധനയ്ക്കുശേഷമായിരിക്കും കോവിഡ് പോസിറ്റീവായ രോഗിയെ വീട്ടില്‍ തന്നെ ചികില്‍സയക്ക് അനുവദിക്കുക. നടപടികള്‍ വൈകാതെ ആരംഭിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.