കൊച്ചിയിലെ വെള്ളക്കെട്ട്; അടിയന്തര യോഗം വിളിച്ച് ഡിസിസി

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ അടിയന്തര നേതൃയോഗം വിളിച്ച് എറണാകുളം ഡിസിസി. തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിലാണ് യോഗം ചേര്‍ന്നത്. മേയര്‍ സൗമിനി ജെയിനിനെ വിളിച്ചുവരുത്തി സ്ഥിതി വിലയിരുത്തി.  ഹൈക്കോടതി വിമര്‍ശനം മുതലെടുക്കാനുള്ള ഇടതുമുന്നണി നീക്കത്തെ രാഷ്ട്രീമായി നേരിടാനാണ് കോണ്‍ഗ്രസ് തീരുമാനം. 

ബുധനാഴ്ചയുണ്ടായ കനത്ത മഴയില്‍ 2019ന് സമാനമായി കൊച്ചി നഗരം മുങ്ങിയിരുന്നു. ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ഓപ്പറേഷന്‍ ബ്രേക് ത്രൂവിന്റെ പരാജയമാണ് വെള്ളക്കെട്ടിനു കാരണമെന്ന വിമര്‍ശനവുമായി മേയര്‍ രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനമുണ്ടായത്. നഗരസഭയ്ക്ക് കഴിയില്ലെങ്കില്‍ കലക്ടര്‍ നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതോടെയാണ് അടിയന്തര നേതൃയോഗം വിളിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. 

ജില്ലയുടെ ചുമതലയുള്ള ‍കെ.പി.സി.സി ജനറല്‍ സെക്രട്ടറി റോയ് കെ.പൗലോസിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഹൈബി ഈഡന്‍ എം.പി, എം.എല്‍.എമാരായ ടി.ജെ.വിനോദ്, പി.ടി.തോമസ് തുടങ്ങിയവരും പങ്കെടുത്തു. വെള്ളക്കെട്ട് രാഷ്ട്രീയ വിവാദമായി ഉയരുന്നത് തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് യോഗം വിലയിരുത്തി. വെള്ളക്കെട്ട് പരിഹാരത്തിനായി നിലവില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ യോഗം നിര്‍ദേശം നല്‍കി. അതേസമയം നഗരസഭയെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള നീക്കത്തെ പ്രതിരോധിക്കും.