അമിത വൈദ്യുതി പ്രവാഹം: ബൾബ് പൊട്ടിത്തെറിച്ച് വിദ്യാർഥിനിക്ക് പരുക്ക്

അമിത വൈദ്യുതി പ്രവാഹത്തിൽ ബൾബ് പൊട്ടിത്തെറിച്ച് വിദ്യാർഥിനിക്കു പരുക്ക്. 8 വീടുകളിലെ ഗൃഹോപകരണങ്ങൾ തകരാറിലായി. നെടുങ്കണ്ടം 66 കെവി സബ് സ്റ്റേഷനു സമീപത്തുള്ള വീടുകളിലെ വൈദ്യുത, ഗൃഹ ഉപകരണങ്ങളാണ് നശിച്ചത്. ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടമുണ്ട്.കെഎസ്ഇബി ബോർഡ് ബസ് സ്റ്റോപ്പിനു സമീപം താമസിക്കുന്ന റംല ഹാരൂണിന്റെ മകൾ ഒൻപതാം ക്ലാസ് വിദ്യാർഥിനി അഫ്രിൻ ഫാത്തിമയുടെ മുകളിലേക്കാണ് ബൾബ് പൊട്ടി വീണത്. 

ചിതറിത്തെറിച്ച കഷണങ്ങൾ വിരലിൽ തറച്ചാണ് അഫ്രിനു പരുക്കേറ്റത്. ഇതിനു പുറമേ, ലാപ്ടോപ്പും 8 ബൾബും നശിച്ചിട്ടുണ്ട്.സമീപവാസിയായ അഫ്സിന മൻസിലിൽ അഷറഫിന്റെ വീട്ടിലെ സീലിങ് ഫാൻ, ഇൻഡക്‌ഷൻ കുക്കർ, ബൾബുകൾ എന്നിവയും നശിച്ചു. ചെരുവിളപുത്തൻവീട്ടിൽ ഹരിയുടെ വീട്ടിലെ ടിവി, 3 ബൾബ് എന്നിവയും കേടായി. കുന്നുംപുറത്ത് കെ.കെ.സോമൻ, വലിയപുരക്കൽ ഷാജി, തേക്കുംകാട്ടിൽ ലത്തീഫ്, ചെറുകോപ്പത്താലിൽ സിയാദ് എന്നിവരുടെ വീടുകളിലെ ഗൃഹോപകരണങ്ങളും നശിച്ചു.

ചിതറിത്തെറിച്ച കഷണങ്ങൾ വിരലിൽ തറച്ചാണ് അഫ്രിനു പരുക്കേറ്റത്.  വേൾട്ടേജ് കൂടി തകരാറിലായിരുന്ന ടിവി കഴിഞ്ഞ ദിവസം ഹരി നന്നാക്കി തിരികെ എത്തിച്ചിരുന്നു. ഇതിനിടയിലാണ് ഇന്നലെ ടിവി വീണ്ടും തകരാറിലായത്. വീട്ടുപകരണങ്ങൾ നഷ്ടപ്പെട്ടതോടെ റംല കഴിഞ്ഞ ദിവസം നെടുങ്കണ്ടം കെഎസ്ഇബി ഓഫിസിൽ പരാതി നൽകി. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ ട്രാൻസ്ഫോമർ സ്ഥാപിച്ചെങ്കിലും കമ്മിഷൻ ചെയ്തിട്ടില്ല. ട്രാൻസ്ഫോമർ സ്ഥാപിച്ച ശേഷമാണ് പ്രദേശത്ത് അമിത വൈദ്യൂതി പ്രവാഹം ഉണ്ടായതെന്നാണ് പരാതി. 

എന്നാൽ, പരിശോധന നടത്തിയതായും കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലിൽ തകരാർ സംഭവിച്ചതാകാമെന്നുമാണ് കെഎസ്ഇബിയുടെ വിശദീകരണം. പരിശോധനയിൽ സ്ഥലത്തെ ഒരു ഫ്യൂസ് പോയതു മാത്രമാണ് കണ്ടെത്തിയത്. അമിത വൈദ്യുതി പ്രവാഹമുണ്ടായാൽ ഇലക്ട്രോണിക് മീറ്റർ തകരാറിലാകും. ഇങ്ങനെ സംഭവിച്ചിട്ടില്ലെന്നും പ്രദേശത്തു വിശദമായ പരിശോധന നടത്തുമെന്നും നെടുങ്കണ്ടം 66 കെവി സബ് സ്റ്റേഷൻ അധികൃതർ അറിയിച്ചു.