ചോദ്യങ്ങളുമായി എഎസ്‌പി ഷൗക്കത്തലി; കൊടി സുനിയെ വിറപ്പിച്ച ‘സൈലന്റ് നൈറ്റ്’

തിരുവനന്തപുരം: അന്വേഷണം പ്രഖ്യാപിച്ച് 24 മണിക്കൂറിനകം സ്വപ്ന സുരേഷിന്റെ ഒളിത്താവളം കണ്ടെത്തിയത് എൻഐഎ സ്വർണക്കടത്തു കേസിനു നൽകുന്ന പ്രധാന്യം വ്യക്തമാക്കുന്നു. ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ സിപിഎം ഉന്നത നേതാക്കളെ അറസ്റ്റു ചെയ്ത, മുടക്കോഴി മല അർധരാത്രി നടന്നു കയറി കൊടിസുനിയെയും സംഘത്തെയും പിടികൂടിയ എഎസ്പി ഷൗക്കത്തലിയാണ് പ്രതികളെ ചോദ്യം ചെയ്യുന്നത്. പാനായിക്കുളം സിമി കേസ്, കളിയിക്കാവിള വെടിവയ്പ് കേസ് തുടങ്ങിയ കേസുകൾ അന്വേഷിച്ച് പ്രശംസ പിടിച്ചുപറ്റിയ എൻഐഎ ഡിവൈഎസ്പി സി.രാധാകൃഷ്ണപിള്ളയ്ക്കാണ് അന്വേഷണ ചുമതല.

ടിപി കേസിലെ പ്രതികളെ പിടികൂടുകയും പിന്നീട് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോള്‍ എൻഐഎയിലേക്ക് ഡപ്യൂട്ടേഷനിൽ പോകുകയും ചെയ്ത ഷൗക്കത്തലിക്ക് അന്വേഷണത്തിന്റെ പ്രധാന ചുമതല നൽകുമ്പോൾ തുടർ നടപടികളെ സംബന്ധിച്ച് രാഷ്ട്രീയ കേന്ദ്രങ്ങൾക്കും ആകാംക്ഷയുണ്ട്. ഏതു ജോലി നൽകിയാലും പേടിയില്ലാതെ ആ ദൗത്യം പൂർത്തിയാക്കുന്ന ഉദ്യോഗസ്ഥനെന്നാണ് സേനയിലുള്ളവർ ഷൗക്കത്തലിയെക്കുറിച്ച് പറയുന്നത്. ആക്‌ഷനു പറ്റിയ ഓഫിസർ.

കലാപമോ അക്രമാസക്തമായ മാർച്ചോ അവസാനിപ്പിക്കാൻ ഉദ്യോഗസ്ഥരുടെ ആദ്യപരിഗണന ഷൗക്കത്തലിയായിരിക്കും. സിപിഎം നേതാവായ പി.മോഹനനെ അറസ്റ്റു ചെയ്യാൻ മറ്റ് ഉദ്യോഗസ്ഥര്‍ മടിച്ചപ്പോൾ ദൗത്യം ഏറ്റെടുത്തത് ഷൗക്കത്തലിയാണ്. മുടക്കോഴി മലയിൽ അർധരാത്രി കയറി കൊടി സുനിയെയും സംഘത്തെയും പിടികൂടിയതു കേരള പൊലീസിന്റെ ചരിത്രത്തിന്‍റെ ഭാഗമാണ്. ‘സൈലന്റ് നൈറ്റ്’ എന്നു പേരിട്ട ആ ഓപ്പറേഷന് ചുക്കാന്‍ പിടിച്ചത് ഷൗക്കത്തലിയാണ്. ആദ്യമായാണ് അത്തരമൊരു ഓപ്പറേഷൻ കേരള പൊലീസ് നടത്തുന്നത്.

മുടക്കോഴി മലയിൽ പാതിരാത്രി ഓപ്പറേഷൻ

കൊടി സുനിയെയും സംഘത്തെയും തേടിയുള്ള റെയ്ഡ് വിവരം പലതവണ ചോർന്നതോടെയാണ് എഐജി അനൂപ് കുരുവിള ജോണിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് രാത്രി ഓപ്പറേഷൻ നടത്താൻ തീരുമാനിച്ചത്. ഉന്നതോദ്യോഗസ്ഥരുടെ വിശ്വസ്തര്‍ മാത്രമായിരുന്നു സംഘത്തില്‍. മലയുടെ വശങ്ങളിലൂടെ പ്രതികള്‍ രക്ഷപ്പെടാതിരിക്കാന്‍ മുഴക്കുന്ന്, തില്ലങ്കേരി, മാലൂര്‍ പഞ്ചായത്തുകളിലൂടെയുള്ള എല്ലാ വഴികളും പൊലീസ് അടച്ചു.

തിവു വാഹന പരിശോധനയ്‌ക്കെന്നു തോന്നിക്കുന്ന വിധത്തിലായിരുന്നു പൊലീസിന്റെ നില്‍പ്പ്. ഡിവൈഎസ്പി എ.പി.ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ ഇരുപതിലധികം പേരടങ്ങുന്ന സംഘം വടകരയില്‍നിന്നു ടിപ്പര്‍ ലോറിയില്‍ പുലര്‍ച്ചെ രണ്ടു മണിയോടെ മുഴക്കുന്നില്‍ എത്തി. ചെങ്കല്ല് എടുക്കുന്ന സ്ഥലമായതിനാലാണു ടിപ്പര്‍ തിരഞ്ഞെടുത്തത്.

ചെങ്കല്‍ തൊഴിലാളികളുടെ വേഷത്തിലായിരുന്നു പൊലീസ്. വടകരയില്‍നിന്ന് മാഹി, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂര്‍, ഉളിയില്‍, തില്ലങ്കേരി വഴി പെരിങ്ങാനത്ത് എത്തിയ ശേഷമാണു സംഘം മലയിലേക്കു കയറിയത്. മാഹിയില്‍നിന്നു മറ്റൊരു ചെറുസംഘം ഉരുവച്ചാല്‍, മാലൂര്‍ വഴി പുരളിമലയുടെ മുകളില്‍നിന്ന് താഴോട്ടിറങ്ങി മലയിലെത്തി. മൂന്നാമത്തെ സംഘം മുഴക്കുന്ന് കടുക്കാപ്പാലം വഴി മുടക്കോഴി മലയിലേക്കു കയറിയെത്തി. മൊബൈല്‍ വെളിച്ചത്തിലായിരുന്നു കാട്ടിലൂടെയുള്ള മലകയറ്റം.

പുലര്‍ച്ചെ രണ്ടു മണിക്കാണു പൊലീസ് സംഘം അടിവാരത്തെത്തുന്നത്. അപ്പോഴേക്കും മഴ തുടങ്ങി. സംഘത്തിനു മഴ ഉപദ്രവവും അനുഗ്രഹവുമായി. മഴ കനത്തതോടെ മല കയറ്റം ദുഷ്‌കരമായി. മൊബൈല്‍ ഫോണുകള്‍ നനഞ്ഞു കേടായി. പക്ഷേ, മഴയുടെ ശബ്ദത്തില്‍ പൊലീസിന്റെ ചലനശബ്ദങ്ങള്‍ ആരും കേള്‍ക്കാത്തതു ഗുണവുമായി. സ്ഥലത്തെക്കുറിച്ച് അറിയാത്തതിനാല്‍ പൊലീസിനു നാലു കിലോമീറ്ററോളം കൂടുതല്‍ നടക്കേണ്ടി വന്നു. ഒളിസങ്കേതം കണ്ടെത്തുമ്പോള്‍ സമയം പുലര്‍ച്ചെ നാലുമണി.

മുഴക്കുന്ന് പഞ്ചായത്തിലെ മുടക്കോഴി മലയില്‍ റോഡില്‍നിന്നു രണ്ടു കിലോമീറ്റര്‍ ചെങ്കുത്തായ കയറ്റം കയറി ചെല്ലുന്ന ചെരുവിലായിരുന്നു കൊടി സുനിയുടെ കൂടാരം. പ്ലാസ്റ്റിക് ഷീറ്റു കൊണ്ട് കെട്ടിയ ടെന്റില്‍ നിലത്ത് പ്ലാസ്റ്റിക് വിരിച്ച് അതിനു മുകളില്‍ കമ്പിളി വിരിച്ചാണു സുനിയും സംഘവും കഴിഞ്ഞിരുന്നത്. കൂടാരം വളഞ്ഞു പൊലീസ് അകത്തു കടക്കുമ്പോള്‍ കൊടി സുനി, ഷാഫി, കിര്‍മാണി മനോജ് എന്നിവരും മൂന്നു സഹായികളും സുഖനിദ്രയിലായിരുന്നു. പൊലീസാണെന്ന് അറിയിച്ചപ്പോഴേക്കും തോക്കുചൂണ്ടി എതിരിടാനായി ശ്രമം. അരമണിക്കൂര്‍ നീണ്ട ബലപ്രയോഗത്തിലൂടെയാണു സംഘത്തെ പൊലീസ് കീഴടക്കിയത്.