കൊച്ചി വഴി ബെംഗളൂരുവില്‍; ‘അതിശയിപ്പിച്ച’ മുങ്ങല്‍; എന്‍ഐഎയുടെ ചടുലനീക്കം

പ്രതികളുടെ ഫോൺ വിളിയിൽ നിന്നാണ് സ്വപ്നയും സന്ദീപും ബെംഗളൂരുവിൽ ഉണ്ടെന്ന വിവരം എൻഐഎ സംഘത്തിന് ലഭിച്ചതെന്ന് റിപ്പോർട്ടുകൾ. സ്വപ്നയുടെ മകൾ സ്വിച്ച് ഓഫ് ചെയ്ത് വച്ചിരുന്ന ഫോൺ ഓണാക്കി ബന്ധുവിനെ വിളിച്ചെന്നും ഇതിലൂടെയാണ് ഇവർ ബെംഗളൂരുവിലെ ഹോട്ടലിൽ ഉണ്ടെന്ന് വിവരം എൻഐഎ സംഘത്തിന്  ലഭിക്കുന്നത്. സ്വപ്നയ്ക്കൊപ്പം ഭര്‍ത്താവും മക്കളുമുണ്ടായിരുന്നു. സന്ദീപിനെ മറ്റൊരു സ്ഥലത്ത് വച്ചാണ് പിടികൂടുന്നത്. ഇതും ഫോൺ ചോർത്തിയാണ് പിടികൂടിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതിവിദഗ്ധ നീക്കത്തിലൂടെയാണ് ബെംഗളൂരുവില്‍ നിന്നും ഇരുവരെ കസ്റ്റഡിയിൽ എടുത്തത്. എൻഐഎ സംഘം എഫ്ഐആർ റജിസ്റ്റർ ചെയ്ത് 24 മണിക്കൂറിനുള്ളിലാണ് സ്വപ്നയെയും സന്ദീപിനെയും വലയിലായത്.

ഏഴ് ദിവസമായി ഒളിവിൽ കഴിഞ്ഞതിനൊടുവിൽ സ്വപ്നയെ കണ്ടെത്താനായത് കേസിൽ നിർണായകമാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണക്കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തിയത്. കൊച്ചിയിലായിരുന്ന സ്വപ്നയും സന്ദീപും വെള്ളിയാഴ്ചയാണ് ബെംഗളൂരുവിലേക്ക് കടന്നതെന്നാണ് സൂചന. ഇവർക്ക് എങ്ങനെ ബെംഗളൂരുവിലേക്ക് പോകാൻ സാധിച്ചെന്ന് സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ആരുടെയൊക്കെ സഹായം ലഭിച്ചെന്നതും അന്വേഷണവിധേയമാകും. സ്വപ്നയെയും സന്ദീപിനെയും ഞായറാഴ്ച കൊച്ചിയിലെ എൻഐഎ ഓഫിസിലേക്കു കൊണ്ട് വരുമെന്നാണ് വിവരം.

വ്യാഴാഴ്ചയാണ് സ്വർണക്കടത്തു കേസ് എൻഐഎയെ ഏറ്റെടുത്ത്. കേസിലെ 4 പ്രതികൾക്കുമെതിരെ യുഎപിഎ വകുപ്പുകളും ഉൾപ്പെടുത്തിയാണ് കൊച്ചിയിലെ എൻഐഎ കോടതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. കസ്റ്റംസ് കേസിൽ മുൻ‌കൂർ ജാമ്യപേക്ഷയിൽ സ്വപ്നക്ക് അനുകൂലമായ വിധി വന്നാൽപോലും എൻഐഎ ചുമത്തിയ യുഎപിഎ വകുപ്പുകൾ നിലനിൽക്കുന്നത് കാരണം അറസ്റ്റിന് തടസം ഉണ്ടായിരുന്നില്ല.