സമ്പർക്ക രോഗികൾ ഏറുന്നു; കാസർക്കോട് പ്രധാന മാർക്കറ്റുകൾ അടച്ചു

കാസര്‍കോട് നഗരത്തില്‍ പഴം...പച്ചക്കറി മാര്‍ക്കിലെ അഞ്ചുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിലെ പ്രധാനപ്പെട്ട മാര്‍ക്കറ്റുകളെല്ലാം ഒരാഴ്ചത്തേയ്ക്ക് അടച്ചു. മഞ്ചേശ്വരം മുതല്‍ കാലിക്കടവ് വരെയുള്ള പഴം...പച്ചക്കറി, മത്സ്യ...മാംസ മാര്‍ക്കറ്റുകളാണ് അടച്ചത്. സമ്പര്‍ക്കരോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കാസര്‍കോട് നഗരത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കാനും സാധ്യതയുണ്ട്.

കാസര്‍കോട് നഗരത്തിലെ മാര്‍ക്കറ്റില്‍ നിന്നുള്ള കാഴ്ചയാണിത്. കോവിഡ് ഭീതിയെ തുടര്‍ന്ന് ചന്തകളെല്ലാം ഒരാഴ്ചക്കാലം അടച്ചിടാന്‍ തീരുമാനിച്ചതോടെ, പെട്ടെന്ന് ചീത്തയാകുന്ന സാധനങ്ങള്‍ സുരക്ഷിതമായി മാറ്റുന്നതിനുള്ള സാവകാശം വ്യാപാരികള്‍ക്ക് ജില്ല ഭരണകൂടം അനുവദിച്ചു. രാവിലെ ഒന്‍പത് മുതല്‍ പതിനൊന്ന് വരെ പൊലീസിന്റെ മേല്‍നോട്ടത്തിലായിരുന്നു സാധനങ്ങള്‍ മാറ്റിയത്. അപ്രതീക്ഷിതമായി കച്ചവടം നിലച്ചതോടെ വില്‍പനയ്ക്കായി എത്തിച്ച സാധനങ്ങള്‍ എന്തു ചെയ്യുമെന്ന ആശങ്കയിലാണ് വ്യാപാരികള്‍.

ദേശീയപാതയോട് ചേര്‍ന്ന പ്രദേശങ്ങളിലെ മാര്‍ക്കറ്റുകളാണ് അടച്ചത്. ചെര്‍ക്കള നഗരപരിധിയിലെ മുഴുവന്‍ കടകളും ഒരാഴ്ചക്കാലം തുറക്കില്ല.കോവിഡ് സ്ഥിരീകരിച്ചവര്‍ ജോലി ചെയ്തിരുന്ന പച്ചക്കറി മൊത്ത വിതരണകേന്ദ്രത്തില്‍ നിന്ന് സാധനങ്ങള്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളിലേയ്ക്ക് കൊണ്ടു പോയിട്ടുണ്ട്. ഇതിന് പുറമെ ചില്ലറ വില്‍പനയുമുണ്ടായിരുന്നു. മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ പേരില്‍ കോവിഡ് പരിശോധന നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.