ഡിസ്കോ വലയിൽ വൻ ചാകര; ഒരു ടൺ മീൻ; ഒന്നിന് തൂക്കം 10 കിലോ

വേമ്പനാട്ട് കായലിൽ 4 മത്സ്യത്തൊഴിലാളികൾ ഇട്ട ഡിസ്കോ വലയിൽ കുടുങ്ങിയത് ഒരു ടൺ മത്സ്യം. 2 വള്ളങ്ങളിലായി പോയ ഇ.വി. മധു, സന്തോഷ് ഇളംകൂറ്റ്, ടി.ടി. സൈജു, സുമേഷ് എന്നിവർക്കാണു ചാകര വീണത്. വളർത്തു മീനുകളായ കൂരി, വാള ഇനമാണു കുരുങ്ങിയത്. ഒരെണ്ണത്തിനു 8–10 കിലോ തൂക്കമുണ്ടായിരുന്നു. മത്സ്യക്കൃഷിയിടത്തിൽ നിന്നു വെള്ളപ്പൊക്ക കാലത്തു പുറത്തിറങ്ങി കായലിൽ എത്തിയതാകാമെന്നാണ് നിഗമനം.

കായലിലുള്ള ഏത് ഇനത്തിലുള്ള മത്സ്യവും കുടുങ്ങുന്ന ഇനം വലയാണു ഡിസ്കോ. വെസ്റ്റ് ഉൾനാടൻ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിലെ തൊഴിലാളികളാണ് ഇവർ. സംഘത്തിലെ 4 തൊഴിലാളികൾക്കായി ഒറ്റ ദിവസം ഇത്രയും മീൻ കിട്ടുന്നത് ആദ്യമായാണെന്നു പ്രസിഡന്റ് കെ.കെ. രാജപ്പൻ പറഞ്ഞു.