ജലലഭ്യത‌യിൽ സ്വയംപര്യാപ്തതയിലേക്ക് കൊച്ചിമെട്രോ; ആദ്യഘട്ടം കമ്പനിപ്പടിയിൽ

ജല ലഭ്യതയില്‍ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് കൊച്ചി മെട്രോ റയില്‍ ലിമിറ്റഡ്. മഴവെള്ള സംഭരണത്തിലൂടെ ഓരോ സ്റ്റേഷനിലെയും ആവശ്യത്തിനുള്ള വെള്ളം കണ്ടെത്തും. പദ്ധതിയുടെ ആദ്യഘട്ടത്തിന് ആലുവ കമ്പനിപ്പടിയില്‍ തുടക്കമായി.

ആലുവ കമ്പനിപ്പടി മെട്രോ സ്റ്റേഷന്‍ ഇനി മുതല്‍ വെള്ളത്തിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തമാണ്. മേല്‍ക്കൂരയില്‍ വീഴുന്ന വെള്ളം ദാ ഈ കാണുന്ന കൂറ്റന്‍ പൈപ്പിലൂടെ ഫില്‍ട്രേഷന്‍ സംവിധാനത്തിലേക്ക്. അവിടെനിന്ന് ശുദ്ധീകരിച്ച വെള്ളം മണ്ണിനടിയില്‍ സ്ഥാപിച്ചിരിക്കുന്ന ടാങ്കിലെത്തും. 

അറുപതിനായിരം ലീറ്ററാണ് ടാങ്കിന്റെ സംഭരണ ശേഷി. അധികമുള്ള വെള്ളം സ്റ്റേഷന് അടുത്തള്ള കിണറ്റിലേക്ക് ഒഴുക്കി റീചാര്‍ജ് ചെയ്യും. ആകെ ചെലവ് മൂന്ന് ലക്ഷത്തോളം രൂപ. ചെടികള്‍ നനയ്ക്കുന്നതിനുംമറ്റും മഴവെള്ളം സംഭരിക്കുന്നതിന് പ്രത്യേക ടാങ്കും തയാറാക്കിയിട്ടുണ്ട്. കെ.എം.ആര്‍.എല്‍ നടപടി 

മാതൃകാപരമാണെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.സമാനമായ രീതിയില്‍ ബാക്കി മെട്രോ സ്റ്റേഷനുകളിലും മഴവെള്ള സംഭരണി ഒരുക്കാനുള്ള തയാറെടുപ്പിലാണ് കൊച്ചി മെട്രോ. ഇരുപത്തി രണ്ട് 

സ്റ്റേഷനുകളിലായി 4.2 കോടി ലീറ്റര്‍ വെള്ളമാണ് പ്രതിവര്‍ഷം കൊച്ചി മെട്രോ ഉപയോഗിക്കുന്നത്. ഇതിന്റെ ഭൂരിഭാഗവും വിതരണം ചെയ്യുന്നത് ജലഅതോറിറ്റിയാണ്.