അയച്ചതെല്ലാം കൈപ്പറ്റി; എനിക്ക് വെള്ളം പോലും തന്നില്ല: നെഞ്ചുപൊട്ടി ആ പ്രവാസി പറയുന്നു

പ്രതീകാത്മകചിത്രം

‘എന്റെ ഭൂമിയിൽ കെ‍ാച്ചു കൂരയുണ്ടാക്കി കഴിയാൻ ആരോടും അനുവാദം ചോദിക്കേണ്ടല്ലോ’ വിദേശത്തു നിന്നും എത്തി കുടുംബ വീടിനു മുന്നിൽ മണിക്കൂറുകളോളം ചെലവഴിച്ചിട്ടും വീട്ടിൽ കയറ്റാതിരുന്ന 60 വയസ്സുകാരനായ പ്രവാസി തന്റെ ദുരിതാവസ്ഥ വിവരിച്ചു. 8 സഹോദരങ്ങളും 2 സഹോദരിമാരും തനിക്കുണ്ട്.വരുന്ന വിവരം ഒരു സഹോദരനെ അറിയിച്ചിരുന്നു. പഞ്ചായത്ത് അംഗത്തോട് വിവരം അറിയിക്കാനും നിർദേശിച്ചു. പുലർച്ചെ 4ന് ആണ് വീടിനു മുന്നിലെത്തിയത്.

എത്തിയപ്പോൾ അനുഭവിക്കേണ്ടി വന്നത് വേദനയുളവാക്കുന്ന കാര്യങ്ങളാണ്. കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടെങ്കിലും ഇതുപോലും തന്നില്ല. 13 വർഷമായി വിദേശത്ത് ഡ്രൈവറായി ജോലി ചെയ്യുന്നു. കോവിഡിനെ തുടർന്നു ജോലി നഷ്ടപ്പെട്ടു. നാട്ടിലേക്കു പോരാതെ നിവൃത്തിയില്ലാതായി. തൃശൂർ ജില്ലയിലെ ഭാര്യ വീട്ടിൽ പ്രായമായ മാതാപിതാക്കളുണ്ട്. ഭാര്യയ്ക്കു ശ്വാസസംബന്ധമായ അസുഖങ്ങളുമുണ്ട്.

ഇതുമൂലം അവിടേക്കും പോകാനാകാത്ത അവസ്ഥയാണ്.തെ‍ാട്ടടുത്തു തന്നെയാണു സഹോദരങ്ങളും താമസിക്കുന്നത്.വിദേശത്തുള്ള ഒരു സഹോദരന്റെ വീട് ഒഴിഞ്ഞു കിടക്കുകയാണ്. ഇവിടെ താമസിക്കാൻ ശ്രമിച്ചെങ്കിലും അവരും സമ്മതം മൂളിയില്ല. ക്വാറന്റീൻ കാലാവധി കഴിഞ്ഞ് ഉള്ളതെല്ലാം കൂട്ടി സ്വന്തം സ്ഥലത്ത് ഒരു കൂരയുണ്ടാക്കി ഇവിടെ കഴിയണം...അദ്ദേഹം വേദനയോടെ പറഞ്ഞു. പ്രവാസിയുടെ സങ്കടകഥ സംബന്ധിച്ച് ഇന്നലെ ‘മനോരമ’ വാർത്ത നൽകിയതോടെ പ്രവാസി സമൂഹം ഉൾപ്പെടെയുള്ളവർ ഇത് വേദനയോടെയാണു ശ്രവിച്ചത്.

ആരോഗ്യ വകുപ്പ് ഇടപെട്ടാണ് ഇയാളെ നടുവട്ടത്തെ ക്വാറന്റീൻ കേന്ദ്രത്തിലാക്കിയത്.സമൂഹ മാധ്യമങ്ങളും ഇത് ഏറ്റെടുത്തതോടെ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെടുകയും റിപ്പോർട്ട് നൽകാൻ ബന്ധപ്പെട്ടവരോടു നിർദേശിക്കുകയും ചെയ്തു. ‍വരുന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണു സഹോദരങ്ങൾ പറയുന്നത്. അതേസമയം 2 ദിവസം മുൻപ് കാർഗോ വഴി അയച്ച സാധനങ്ങൾ ഇവർ കൈപ്പറ്റുകയും ചെയ്തിരുന്നു.