നോക്കുകൂലി ആവശ്യം; കെ.ടി.ഡി.സിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം

തിരുവനന്തപുരം വേളി ടൂറിസം വില്ലേജിലെ കെ.ടി.ഡി.സിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസവുമായി തൊഴിലാളികളുടെ നോക്കുകൂലി ആവശ്യം. 

നോക്കുകൂലി ആവശ്യപ്പെട്ടതോടെ ബെംഗംളൂരുവില്‍ നിന്നെത്തിച്ച മിനിയേച്ചര്‍ ട്രയിന്‍ ഇറക്കാനായില്ല. ഒരു ദിവസമായി ട്രെയിനിന്റെ ബോഗികള്‍ ലോറിയില്‍ തുടരുകയാണ്.

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ കെ.ടി.ഡി.സി തയാറാക്കിയ സ്വപ്ന പദ്ധതിയാണ് വേളി ടൂറിസം വില്ലേജിലെ മിനിയേച്ചര്‍ ട്രയിന്‍. എന്നാല്‍ നോക്കുകൂലി ആവശ്യപ്പെട്ട് തൊഴിലാളികള്‍ രംഗത്തെത്തിയതോടെ നവീകരണ പ്രവര്‍ത്തനങ്ങളാകെ താളം തെറ്റിയിരിക്കുകയാണ്. ഇന്നലെ പുലര്‍ച്ചെ മൂന്ന് 

മണിയോടെ ബെംഗളൂരുവില്‍ നിന്ന് കൊണ്ടുവന്ന മിനിയേച്ചര്‍ ട്രയിന്റെ ബോഗികള്‍ ഒരു ദിവസം കഴിയുമ്പോഴും ലോറിയിലിരിക്കുകയാണ്. തൊഴിലാളികള്‍ സംഘടിച്ചെത്തി നോക്കുകൂലി ആവശ്യപ്പെട്ടതാണ് പ്രശ്നം.

മൂന്ന് ബോഗികളും എന്‍ജിനുമായി 13 ടണ്‍ ഭാരമുണ്ട്. ക്രയിന്‍ ഉപയോഗിച്ചാണ് ഇറക്കേണ്ടത്. ക്രയിന്‍ കൊണ്ടുവന്ന് ഇറക്കാന്‍ ഒരു ടണ്ണിന് 4275 രൂപ വീതം തരണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. എന്നാല്‍ സ്വന്തമായി ക്രയിനും തൊഴിലാളികളുമുള്ളതിനാല്‍  സ്വയം ഇറക്കിക്കൊള്ളാമെന്നാണ് നിര്‍മാണ കരാറുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടേഴ്സിന്റെ നിലപാട്. തൊഴിലാളികള്‍ക്കെല്ലാം അയ്യായിരം രൂപ നല്‍കാമെന്നും ഇവര്‍ അറിയിച്ചെങ്കിലും പ്രശ്നപരിഹാരമായില്ല.