നിര്‍മാണങ്ങള്‍ മുടങ്ങാതിരിക്കാന്‍ മലയാളികളെ ജോലിക്ക് തേടി കമ്പനികള്‍

അതിഥി തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിയതോടെ നിര്‍മാണങ്ങള്‍ മുടങ്ങാതിരിക്കാന്‍ മലയാളികളെ ജോലിക്ക് തേടുകയാണ് സംസ്ഥാനത്തെ നിര്‍മാണ കമ്പനികള്‍. ഈ മേഖലയിലെ ജോലി സ്ഥിരത കൂടുതല്‍ പേരെ ആകര്‍ഷിക്കുമെന്നാണ് കമ്പനികളുടെ പ്രതീക്ഷ. 

നിര്‍മാണമേഖലയിലെ പ്രമുഖ സഹകരണ സ്ഥാപനമായ ഉൗരാളുങ്കല്‍ ലേബര്‍ സൊസൈറ്റി കഴിഞ്ഞദിവസം നല്‍കിയ പരസ്യമാണിത്. കോവിഡ് കാരണം രണ്ടായിരത്തിയഞ്ഞൂറോളം അതിഥി തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിയതോടെയാണ് പുതിയ തൊഴിലാളികളെ തേടാന്‍ തീരുമാനിച്ചത്. ഇതിനോടകം ആറായിരം ഫോണ്‍ കോളെത്തി. ഇതില്‍ നിന്ന് അഞ്ഞൂറ്റിയമ്പതുപേരെ ജോലിക്കെടുക്കുകുയും ചെയ്തു. 

സമാനമായ രീതിയില്‍ മറ്റ് കമ്പനികളും നാട്ടുകാരെ ജോലിക്ക് തേടുകയാണ്. അഥിതി തൊഴിലാളികളെ കാത്തിരുന്നാല്‍ അടിസ്ഥാനമേഖലയിലെ നിര്‍മാണങ്ങള്‍പോലും മുടങ്ങിപോകുമെന്ന് കരാറുകാര്‍ പറയുന്നു. കാര്യമായ നിര്‍മാണ ജോലികള്‍ നടക്കേണ്ട മഴയ്ക്ക് മുന്‍പുള്ള രണ്ട് മാസങ്ങളാണ് ലോക് ഡൗണില്‍ നഷ്ടമായത്.