പിടിച്ചുപറിക്കാരനെന്ന് നന്ദകുമാർ; ഹാജി ബ്രിട്ടീഷ് വിരുദ്ധ പോരാളിയെന്ന് എംജിഎസ്; വിഡിയോ

വാരിയംകുന്നത്ത് കുഞ്ഞമ്മഹദ് ഹാജി കള്ളനും കൊള്ളക്കാരനുമായിരുന്നെന്ന വാദവുമായി ആർഎസ്എസ് പ്രസിദ്ധീകരണ വിഭാഗമായ കുരുക്ഷേത്ര പബ്ലിക്കേഷന്റെ തലവൻ ഇ.എൻ നന്ദകുമാർ. പൃഥ്വിരാജ് ചിത്രത്തിനെതിരെയുള്ള വിവാദം ചർച്ചചെയ്യുന്ന മനോരമ ന്യൂസ് കൗണ്ടർപോയിന്റിലാണ് അദ്ദേഹം ചരിത്രത്തിൽ ഇങ്ങനെയൊരു മുഖം കുഞ്ഞമ്മഹദ് ഹാജിക്ക് ഉണ്ടായിരുന്നു എന്ന് പറയുന്നത്. 1922ൽ എനിക്ക് ലഹളയുമായി ബന്ധമൊന്നുമില്ലെന്ന് പറഞ്ഞ് തടിയൂരാൻ ശ്രമിച്ച കാര്യവും ചരിത്രത്തിലുണ്ടെന്ന് അദ്ദേഹം ആരോപിക്കുന്നു.

വാരിയംകുന്നത്ത് കുഞ്ഞമ്മഹദ് ഹാജി ഒരു പിടിച്ചുപറിക്കാരൻ ആയിരുന്നു. പാണ്ടിക്കാട് ചന്തയിൽ നിന്നും സ്വർണം മോഷണം പോയ കേസിൽ പ്രതിയാണ്. തപാൽ വണ്ടി കൊള്ളയടിച്ച കേസിലും ഇയാൾ പ്രതിയാണ്. ആറുകേസിൽ പ്രതി ചേർക്കപ്പെട്ടതോടെ ഇയാൾ നാടുവിട്ട് മക്കയിൽ പോയി. പിന്നീട് തിരിച്ചുവന്നു കലാപം നടത്തിയെന്നും നന്ദകുമാർ വാദിക്കുന്നു. എന്നാൽ ഇതിനെയെല്ലാം ടി.കെ ഹംസ പരിഹസിച്ചു. എവിടെ നിന്നാണ് ഈ വിവരങ്ങളൊക്കെ ലഭിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു.

വാരിയംകുന്നത്ത് കുഞ്ഞമ്മഹദ് ഹാജിയെ ഹിന്ദുവിരുദ്ധൻ എന്ന് പറയാൻ പറ്റില്ലെന്നും ബ്രിട്ടീഷ് വിരുദ്ധ പോരാളിയാണ് അദ്ദേഹമെന്ന് മുതിർന്ന ചരിത്രക്കാരൻ എം.ജി.എസ് നാരായണനും ചർച്ചയിൽ വ്യക്തമാക്കുന്നു. വിഡിയോ കാണാം.