പത്തുവര്‍ഷം, കടിച്ചും കുത്തിയും കൊന്നത് 46 ജീവനുകൾ; വന്യജീവിദുരിതത്തിൽ വയനാട്

വയനാട്ടില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ വിവിധ വന്യജീവികള്‍ കൊലപ്പെടുത്തിയത് 46 മനുഷ്യരെ. അഞ്ചുവര്‍ഷത്തിനിടെ കടുവ കടിച്ചു കൊന്നത് അഞ്ചുജീവനുകള്‍. പുല്‍പ്പള്ളിയില്‍ വിറകുശേഖരിക്കാന്‍ പോയപ്പോള്‍ കടുവ കൊന്നു തിന്ന യുവാവാണ് ഈ ഗണത്തിലെ അവസാനത്തെ ഇര.

മനുഷ്യ വന്യജീവി സംഘര്‍ഷം ഒരോ വര്‍ഷവും ജില്ലയില്‍ പതിന്‍മടങ്ങാവുകയാണ്. ഇതോടൊപ്പം കൊല്ലപ്പെടുന്ന മനുഷ്യരുടെ എണ്ണവും കൂടുന്നു.  ഒരു ദശാബ്ദത്തിനിടെ നഷ്ടമായ 46 ജീവനുകളില്‍  38 ഉം കാട്ടാനകള്‍ കാരണമാണ്. വയനാട് വന്യജീവി സങ്കേതത്തില്‍ മാത്രം വന്യജീവികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 19 പേരാണ്. ഇതില്‍ പതിനാലും കാട്ടാനയുടെ ആക്രണത്തിലാണ് മരിച്ചത്. നരഭോജി കടുവകള്‍ മനുഷ്യജീവന്‍ കവരുന്ന സംഭവവും കൂടുകയാണ്.

വനം വകുപ്പ് കണക്ക് പ്രകാരം അഞ്ചുവര്‍ഷത്തിനിടെ അഞ്ചുപേരെ കടുവ കൊന്നു തിന്നു. നൂല്‍പ്പഴയില്‍ 2015 ല്‍ കൊല്ലപ്പെട്ട സുന്ദരത്ത് ഭാസ്ക്കരനായിരുന്നു ആദ്യ ഇര. അതിനു ശേഷം നാലുപേര്‍ക്ക് കൂടി ജീവന്‍ നഷ്ടമായി. ഇന്നലെ പുല്‍പ്പള്ളിയില്‍ വനത്തില്‍ വിറകുശേഖരിക്കാന്‍ പോയ ആദിവാസി യുവാവിനെ കടുവ കടിച്ചുകൊന്നു തിന്നതാണ് അവസാനത്തെ സംഭവം. കാട്ടുപോത്തിന്റെയും കാട്ടുപന്നിയുടെയും ആക്രമണത്തില്‍ മൂന്നു പേര്‍ക്ക് ജീവഹാനി വന്നു. വളര്‍ത്തുമൃഗങ്ങളെ വന്യജീവികള്‍ കൊന്നു തിന്നുന്നതിന് കയ്യും കണക്കുമില്ല.