ഹോട്ടലുകൾക്ക് ആദ്യദിനം നിരാശ; ഉടമകൾക്ക് പറയാനുള്ളത് നഷ്ടകണക്കുകൾ

തിരുവനന്തപുരത്ത് തുറന്ന് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്ക് ആദ്യ ദിനം നിരാശ മാത്രം. ഭക്ഷണം കഴിക്കാന്‍ ആളില്ലാതെ വന്നതോടെ നഷ്ടക്കണക്കാണ് എല്ലാവര്‍ക്കും പറയാനുള്ളത്. എന്നാല്‍ ഇരുന്ന് കഴിക്കാന്‍ അനുമതിയായത് ആവശ്യക്കാര്‍ക്ക് വലിയ ആശ്വാസമായിട്ടുണ്ട്.

മടിച്ച് മടിച്ചാണ് ഉണ്ണികൃഷ്ണന്‍ ചേട്ടന്‍ ദോശ ചുടുന്നത്. രാവിലെ മുതല്‍ ചുട്ട ദോശ തേടി ആരും തന്നെ വന്നിട്ടില്ല.കാലിയായ കസേരകള്‍ നോക്കി നില്‍ക്കുന്ന ഹോട്ടലുടമ ശശിധരന്‍ ചേട്ടന്റെ മനസിലും ആധിയാണ്. തിരുവനന്തപുരം മെ‍ഡിക്കല്‍ കോളജിന് സമീപത്ത് പതിനെട്ട് വര്‍ഷമായി ഹോട്ടല്‍ നടത്തുകയാണങ്കിലും ഇത്രയും മോശം കാലം ഉണ്ടായിട്ടേയില്ല.

സാനിറ്റൈസറും മാസ്കും കയ്യുറയും തുടങ്ങി വരുന്നവരുടെ മേല്‍വിലാസം വരെ എഴുതിയെടുക്കുന്ന എല്ലാ നിര്‍ദേശങ്ങളും പാലിച്ചിട്ടുണ്ട്. പക്ഷെ ആരും വരുന്നില്ലെന്നതാണ് പ്രശ്നം. എന്നാല്‍  പുറത്തിറങ്ങിയാല്‍ ഭക്ഷണം കിട്ടില്ലെന്ന ബുദ്ധിമുട്ട് മാറിയതിന്റെ ആശ്വാസമാണ് കഴിക്കാനെത്തുന്നവരുടെ മുഖത്ത്. എല്ലാം ശരിയാകുമെന്ന പ്രതീക്ഷയില്‍ ഹോട്ടലുകാര്‍ ഭക്ഷണവുമായി കാത്തിരിക്കുകയാണ്.