'നാല് ലക്ഷത്തിന്റെ നഷ്ടമില്ല, നഷ്ടപരിഹാരവുമില്ല'; പാതിവഴിയിൽ നിലച്ച സ്വപനങ്ങൾ

പ്രളയത്തില്‍ വീടു നഷ്ടമായവര്‍ക്ക് നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന തീരുമാനത്തിലും സര്‍ക്കാര്‍ വെളളം ചേര്‍ത്തു. 2018 ലെ പ്രളയത്തിനു പിന്നാലെ വീട് ഉപേക്ഷിക്കേണ്ടി വന്ന മലപ്പുറം ചാലിയാര്‍ പഞ്ചായത്തിലെ മതില്‍മൂലയിലേയും ചെട്ടിയമ്പാറയിലേയും കുടുംബങ്ങള്‍ക്ക് മുഴുവന്‍ തുകയും നല്‍കാന്‍ തയാറായില്ല. വീടു നഷ്ടമായി രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ആര്‍ക്കും വീടുനിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനും ഇതു കാരണമായി. 

പുഴ ഗതിമാറി ഒഴുകിയപ്പോള്‍ തകര്‍ന്ന മതില്‍മൂല കോളനിയിലെ 52 വീടുകളില്‍ ഒന്നായിരുന്നു ബാലന്റെ വീട്. താമസയോഗ്യമല്ലാത്തതുകൊണ്ട് ബാലനടക്കമുളള കുടുംബങ്ങള്‍ പാതി തകര്‍ന്ന വീടുപേക്ഷിച്ച് പോവണമെന്ന് ഒൗദ്യോഗിക അറിയിപ്പും ലഭിച്ചു. എന്നാല്‍ വീടും സ്ഥലവും ഉപേക്ഷിക്കണമെന്ന് നിര്‍ദേശിച്ചവര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 4 ലക്ഷം രൂപ നഷ്ടപരിഹാരമായി അനുവദിക്കാന്‍ തയാറാല്ല. പ്രളയത്തില്‍ തകര്‍ന്ന വീടിന് 4 ലക്ഷത്തിന്റെ നഷ്ടം സംഭവിച്ചില്ലെന്ന മുടന്തന്‍ ന്യായമാണ് പറയുന്നത്.

ചെട്ടിയമ്പാറയിലെ രാധാകൃഷ്ണനും ഒരു ലക്ഷം രൂപ കുറച്ചാണ് നഷ്ടപരിഹാരം അനുവദിച്ചത്. 4 ലക്ഷം രൂപ ലഭിക്കുമെന്ന പ്രതീക്ഷയില്‍ ആരംഭിച്ച പല വീടുകളുടെ നിര്‍മാണവും തുക കുറഞ്ഞതോടെ പാതിവഴിയില്‍ നിലച്ചു. ചുരുക്ക‌ി  പറഞ്ഞാല്‍ പ്രളയത്തില്‍ തകര്‍ന്ന ഒരു വീടു പോലും പുനര്‍നിര്‍മിക്കാന്‍ കഴിയാത്തതിന്റെ കാരണങ്ങളില്‍ ഒന്നാണിത്.