പാലക്കാട്ട് സമൂഹവ്യാപന ആശങ്ക പങ്കുവച്ച് എ െക ബാലൻ

പാലക്കാട്ട് സമൂഹവ്യാപന ആശങ്ക പങ്കുവച്ച് മന്ത്രി എ െക ബാലന്‍. അതിർത്തി ജില്ലയായതിനാൽ ഏറെ കരുതൽ ആവശ്യമാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ നിയന്ത്രണങ്ങൾ പാലിക്കണമെന്നും എ കെ ബാലന്‍ പറഞ്ഞു. ജില്ലയില്‍ നിരോധനാജ്ഞ തുടരുകയാണ്.

മേയ് 20ന് സലാലയിൽ നിന്നെത്തിയ കാരാകുറുശ്ശിയിലെ 10 മാസം പ്രായമുള്ള കുഞ്ഞിന് രോഗം സ്ഥീരികരിച്ചു. കുഞ്ഞിനൊപ്പം ഉണ്ടായിരുന്ന അമ്മയുടെയും സഹോദരിയുടെയും ഫലം നെഗറ്റീവാണെങ്കിലും ഇവരെയും നിരീക്ഷണത്തിലാക്കി. ചെന്നൈയിൽ നിന്നെത്തിയ ചെർപ്പുളശ്ശേരി, മണ്ണാര്‍ക്കാട് അരയങ്കോട് സ്വദേശികള്‍, മുംബൈയില്‍ നിന്നെത്തിയ ഒറ്റപ്പാലം, വരോട് തരൂര്‍ തോണിപാടം സ്വദേശികള്‍–ഇവരാണ് രോഗം സ്ഥിരീകരിച്ച മറ്റുളളളര്‍.

മലപ്പുറം, തൃശൂര്‍ സ്വദേശികള്‍ ഉള്‍പ്പെടെ ജില്ലയില്‍ ചികില്‍സയില്‍ കഴിയുന്ന‌വരുടെ എണ്ണം 53 ആയി. അതിര്‍ത്തി ജില്ലയായതിനാല്‍ അതീവജാഗ്രത ആവശ്യമാണെന്ന് മന്ത്രി എകെ ബാലന്‍ പറഞ്ഞു.നിരീക്ഷണത്തിലിരിക്കേണ്ടുന്നവര്‍ വീഴ്ച വരുത്തുന്നു. തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടല്‍ കാര്യക്ഷമമാക്കണം.  ‌ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ നിയന്ത്രണം പാലിച്ചില്ലെങ്കില്‍ സമൂഹവ്യാപനത്തിലേക്ക് പോകുമെന്ന ആശങ്കയും മന്ത്രി പങ്കുവച്ചു.

വാളയാര്‍ ചെക്പോസ്റ്റില്‍ ജോലി ചെയ്തവര്‍ ഉള്‍പ്പെടെ നാലു ആരോഗ്യപ്രവര്‍ത്തകരും കോവിഡ് ബാധിച്ച് ചികില്‍സയിലാണ്. നിലവിലുണ്ടായിരുന്ന പതിനഞ്ചു തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പുറമേ ജില്ലയിലെ മലമ്പുഴ ,പുതുശ്ശേരി,ചാലിശ്ശേരി പഞ്ചായത്തുകളിലെ ചില വാര്‍ഡുകളും പുതിയ ഹോട്ട്സ്പോട്ടുകളുടെ പട്ടികയില്‍ ഇടംപിടിച്ചു.