അന്നു നിപ, ഇപ്പോൾ കോവി‍ഡ്; ആമിനയ്ക്ക് കബറൊരുക്കി മാതൃകയായി കണ്ണംപറമ്പ്

കോവിഡ് ബാധിച്ചു മരിച്ച വയനാട് സ്വദേശിനി ആമിനയുടെ മൃതദേഹം കോഴിക്കോട് കണ്ണംപറമ്പ് ശമ്ശാനത്തിൽ കബറടക്കുന്നു. ചിത്രം: എം.ടി.വിധുരാജ്

കോവിഡ് ബാധിച്ച് മരിച്ച വയനാട് സ്വദേശിനിക്കു കബറൊരുക്കി മാതൃകയുമായി കണ്ണംപറമ്പ് കമ്മിറ്റി. കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന വയനാട് കൽപറ്റ സ്വദേശിനി ആമിന (53) ആണ് ഞായറാഴ്ച കോഴിക്കോട് മെ‍ഡിക്കൽ കോളജ് ആശുപത്രിയിൽവച്ചു മരിച്ചത്. കോഴിക്കോട് കണ്ണംപറമ്പ് ശമ്ശാനത്തിലാണ് ആമിനയ്ക്കായി കബർ ഒരുക്കിയത്.

ജില്ലാ കലക്ടറുടെ നിർദേശപ്രകാരം കണ്ണംപറമ്പ് പ്രസിഡന്റ് അഹമ്മദ് കോയ, സെക്രട്ടറി സക്കീർ ഹുസൈൻ മുഖദാർ, കുഞ്ഞാദു, ഉമ്മർ ഹാജി, നഗരസഭാ ഹെൽത്ത് ഓഫിസർ ഡോ.ആർ.എസ്.ഗോപകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ വൽസൻ, ഹെൽത്ത് ഇൻസ്പെക്ടർ സമീർ എന്നിവരുടെ മേൽനോട്ടത്തിലാണ് പ്രവർത്തികൾ നടന്നത്.

കോഴിക്കോട് മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരുന്ന ആമിനയുടെ മൃതദേഹം ഞായറാഴ്ച രാത്രി ഒമ്പതു മണിയോടെ സംസ്കരിച്ചു. ഇതിന് മുൻപു നിപ ബാധിച്ചവരെയും, കോവിഡ് ബാധിച്ചവരെയും ഏറ്റെടുത്തും കണ്ണംപറമ്പ് ഉദാത്ത മാതൃക കാണിച്ചിട്ടുണ്ട്.